പട്ടിക വിഭാഗത്തില്‍പ്പെട്ട 500 യുവജനങ്ങൾക്ക് അപ്രന്റീസ് എഞ്ചീനിയര്‍മാരായി നിയമനം; സർക്കാർ ഉത്തരവിറങ്ങി
തിരുവനന്തപുരം: പട്ടിക വിഭാഗത്തില്‍പ്പെട്ട 500 യുവജനങ്ങളെ അപ്രന്റീസ് എഞ്ചിനീയർമാരായി നിയമിക്കുന്ന നടപടികള്‍ ആരംഭിച്ചു. പഞ്ചായത്ത്, ബ്ലോക്ക് മുനിസിപ്പാലിറ്റി കോര്‍പറേഷനുകളിലും പട്ടികജാതി വികസന ഓഫീസുകളിലേക്ക് രണ്ട് വര്‍ഷമാണ് നിയമന കാലാവധി.
കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, അംബേദ്കര്‍ ഗ്രാമ വികസനം, പഠനമുറി, തദ്ദേശസ്ഥാപനങ്ങളിലെ ലൈഫ് മിഷന്‍ ഭവന നിര്‍മാണം തുടങ്ങിയ പദ്ധതികളില്‍ എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കും. 35 വയസ് പൂര്‍ത്തിയാകാത്ത, സിവില്‍ എന്‍ജിനീയറിങ്ങ് ബിരുദം, ഡിപ്ലോമ, ഐ ടി ഐ യോഗ്യതയുള്ള യുവതി യുവാക്കള്‍ക്കാണ് അപേക്ഷിക്കാം. പട്ടികജാതിയില്‍പ്പെട്ട 300 പേരെയും പട്ടിക വര്‍ഗ വിഭാഗങ്ങളില്‍പെട്ട 200 പേര്‍ക്കുമാണ് നിയമനം. 18000 രൂപ പ്രതിമാസ അലവന്‍സ് നല്‍കും.
സര്‍ക്കാര്‍ സംവിധാനത്തിലുള്ള പരിശീലന , തൊഴില്‍ പരിചയം വഴി ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരം ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിര്‍മാണ മേഖലയിലെ വിവിധ പദ്ധതികള്‍, പുതിയ പ്രവണതകള്‍, എഞ്ചിനീയറിങ് സോഫ്റ്റ്വേറുകള്‍ തുടങ്ങിയവയില്‍ കിലയുടെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കും. ഈ പരിശീലനം വിജയകരമായി പൂര്‍ത്തിയാകുന്നവര്‍ക്കാണ് നിയമനം. ആദ്യം ഒരുവര്‍ഷത്തേക്കാണ് നിയമനം നല്‍കുന്നത്. പ്രവര്‍ത്തന മികവ് നോക്കി ഒരുവര്‍ഷം കൂടി നീട്ടി നല്‍കും.
താത്കാലിക നിയമനമാണെന്നും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ നിയമനം നല്‍കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഓണറേറിയം ആയ 18,000 രൂപയ്ക്ക് പുറമെ മറ്റ് വേതനമോ, സ്ഥിരനിയമനത്തിന് അര്‍ഹതയോ ഉണ്ടാകില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം. ജില്ലാതലത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. രണ്ട് വര്‍ഷം കാലാവധിയുള്ള ലിസ്റ്റില്‍ നിന്ന് ഒഴിവുകള്‍ക്ക് അനുസരിച്ച് മുന്‍ഗണനാക്രമത്തില്‍ നിയമനം ഉണ്ടാകും.
അതാത് തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസറോ അല്ലെങ്കില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറോ ആയിരിക്കും ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സീയര്‍മാരുടെ നിയന്ത്രണാധികാരി.