പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; പതിനഞ്ചുകാരൻ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചു
പഠിക്കാതിരുന്നതിന് അമ്മൂമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ ഒമ്പതാം ക്ലാസുകാരനെ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കാവാലത്താണ് സംഭവം. രാമങ്കരി വേഴാപ്ര സ്വദേശി ജീവൻ ഗിരീഷ് (15) ആണ് മരിച്ചത്. കാവാലം ടെക്‌നിക്കൽ സ്‌കൂളിലെ 9 -ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. കാവാലത്ത് അമ്മയുടെ വീട്ടിൽ നിന്നാണ് ജീവൻ പഠിച്ചിരുന്നത്. തിങ്കളാഴ്ച മുതൽ പരീക്ഷ തുടങ്ങാനിരിക്കെ പഠിക്കാതെ വീട്ടിൽ ടി.വി കണ്ടുകൊണ്ടിരുന്ന ജീവനെ ഇന്നലെ അമ്മൂമ്മ വഴക്ക് പറഞ്ഞിരുന്നു. തുടർന്ന് വൈകീട്ട് ജീവൻ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
അമ്മൂമ്മ വിവരമറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കാവാലത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ രാത്രി വൈകിയും വീട്ടുകാർ എല്ലായിടത്തും തെരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് ക്ലാസ്മുറിയിൽ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ ഇല്ലാത്ത ക്ലാസ് മുറിയുടെ മേൽക്കൂരയിലെ ഇരുമ്പു പൈപ്പിലാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. വീടു വിട്ടിറങ്ങിയ ജീവൻ രാത്രിയോടെ സ്‌കൂളിലെത്തി ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.