CALICUTDISTRICT NEWS

പഠിക്കേണ്ട പുസ്തകം പ്രസിദ്ധീകരിച്ചില്ല; ക്ലാസുകളും നടന്നില്ല; പരീക്ഷക്ക് പഠിക്കാൻ സമയവുമനുവദിച്ചില്ല. എങ്കിലും കോഴിക്കോട് സർവ്വകാലാശാലയിൽ ബിരുദ പരീക്ഷ ഇന്നു മുതൽ തുടങ്ങുന്നു

കോഴിക്കോട്: സർവ്വകലാശാലയിൽ ബിരുദ പരീക്ഷകൾക്ക് ഇന്ന് (ബുധൻ) തുടക്കമാകുന്നു. പരീക്ഷക്ക് പഠിക്കേണ്ട പുസ്തകം പോലും ഇതുവരെ പ്രസിദ്ധീകരിക്കാതെയാണ് പരീക്ഷ എഴുതാൻ സർവ്വകലാശാല വിദ്യാർത്ഥികളോട് ആവശ്യപ്പെടുന്നത്. ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇലക്ടീവ് ആയി പഠിക്കാനുള്ളത് ‘ഷെയ്ക്സ്പിയറെക്കുറിച്ചാണ് . ഈ മാസം 16നാണ് ഇലക്ടീവ് പരീക്ഷ നടക്കുക. എന്നാൽ പഠിക്കാനുള്ള പുസ്തകം സർവ്വകലാശാല ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പുസ്തകം ഇറങ്ങിയിട്ടില്ലാത്തത് കൊണ്ട് ഗൈഡുകളും ലഭ്യമല്ല. അപ്പോഴും 16 ന് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയേ പറ്റൂ. മാറ്റിവെക്കാനും നിവൃത്തിയില്ല. ഈ സെമസ്റ്റർ പരീക്ഷ കൂടി നടത്തി റിസൾട്ട് പ്രസിദ്ധീകരിച്ചെങ്കിൽ മാത്രമേ തുടർപഠനത്തിന് വിദ്യാർത്ഥികൾക്ക് അവസരം ലഭിക്കൂ. ഇപ്പോൾ തന്നെ ചില സർവ്വകലാശാലകൾ ഗവേഷണ പഠനത്തിനും മറ്റുമുള്ള അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. ഇനിയും വൈകിയാൽ വിദ്യാർത്ഥികൾക് ഒരു വർഷം നഷ്ടമാകും.


അവസാന സെമസ്റ്ററായ ആറാം സെമസ്റ്റർ പരീക്ഷയാണ് ഇപ്പോൾ നടക്കുന്നത്. അഞ്ചാം സെമസ്റ്റർ പരീക്ഷ കഴിഞ്ഞ് 10 ദിവസത്തെ ഇടവേളയിലാണ് ആറാം സെമസ്റ്റർ പരീക്ഷ പ്രഖ്യാപിക്കുന്നത്. ആറ് മാസം കൊണ്ട് തീർക്കേണ്ട ചാപ്റ്ററുകൾ പഠിച്ച് പരീക്ഷ എഴുതാൻ പത്തു ദിവസം പോലും വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഏറെ വിചിത്രമായ കാര്യം, പരീക്ഷ കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ പ്രൊജക്ട് വർക്ക് സമർപ്പിക്കണം എന്ന നിർദ്ദേശമാണ്. ആ പറഞ്ഞതിനർത്ഥം പുസ്തകം പോലും പ്രസിദ്ധീകരിക്കാതെ, പഠനത്തിന് ആവശ്യമായ സമയം നൽകാതെ, സെമസ്റ്റർ പരീക്ഷ എഴുതി കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ, പ്രൊജക്ട് വർക്കും വിദ്യാർത്ഥികൾ ചെയ്തു തീർക്കണം എന്നാണല്ലോ. എങ്ങിനെയാണ് ഒരു സർവ്വകലാശാലക്ക് ഇങ്ങനെയൊക്കെ പറയാൻ കഴിയുക എന്ന് ആർക്കും അതിശയം തോന്നും. പക്ഷേ ഇത് കോഴിക്കോട് സർവ്വകലാശാലയാണ്.
രണ്ടാം സെമസ്റ്റർ കാലംതൊട്ട് പഠനം അവതാളത്തിലായതാണീ വിദ്യാർത്ഥികൾക്ക്. കോവിഡ് കാല അടച്ചുപൂട്ടലോടെ കോളേജുകളിൽ പോയുള്ള പഠനം മുടങ്ങിയതാണ്. സ്കൂൾ തലത്തിൽ കുറേയേറെ കാര്യങ്ങൾ ഓൺലൈനായി പഠിപ്പിക്കാൻ അദ്ധ്യാപകർ തയാറായിരുന്നു. കോളേജ് തലത്തിൽ ഇത്തരം പ്രവർത്തനങ്ങളെന്നും കാര്യമായി നടന്നില്ല. സർവ്വകലാശാലയുടേയോ കോളേജ് അധികാരികളുടേയോ ഭാഗത്ത് നിന്ന് ഇത്തരം കാര്യങ്ങളിലൊന്നും കാര്യമായ ഇടപെടലുണ്ടായില്ല. കോവിഡ് അടച്ചുപൂട്ടലിന് ശേഷം ശമ്പളം കൃത്യമായി കൈപ്പറ്റുമ്പോഴും വിദ്യാർത്ഥികളെ തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത അദ്ധ്യാപകർ ധാരാളമുണ്ട് ഈ സർവ്വകലാശാലക്ക് കീഴിൽ. ഓൺലൈനായി ഒരു ക്ലാസ് പോലും നടത്താത്ത അദ്ധ്യാപകരുടെ എണ്ണം കുറവല്ല. മറ്റു ചിലരാകട്ടെ യൂട്യൂബിൽ നോക്കി പഠിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ചിലർ യൂട്യൂബിൽ ഏതോ അദ്ധ്യാപകർ അപ്‌ലോഡ് ചെയ്ത ക്ലാസുകൾ വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ കോപ്പീപേസ്റ്റ് ചെയ്തതോടെ തങ്ങളുടെ ഉത്തരവാദിത്തം അവസാനിച്ചതായി കണക്കാക്കി. എന്നാൽ പുതിയ സിലബസ്സും രീതിയുമനുസരിപ്പുള്ള പാഠങ്ങളല്ല യൂട്യൂബിൽ മിക്കവാറുമുള്ളത്. ഇതു പലതും ചില സ്വകാര്യസ്ഥാപനങ്ങൾ അവരുടെ വിദ്യാർത്ഥികൾക്ക് വേണ്ടി തയാറാക്കിയവയാണ്. ടൈംടേബിൾ അനുസരിച്ചല്ല അവയൊന്നും ക്രമീകരിച്ചിരിക്കുന്നത്. അതു നോക്കി പഠിക്കുക ഏറെ ദുഷ്കരമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. തികഞ്ഞ ആത്മാർത്ഥതയോടെ വിദ്യാർത്ഥികളോടൊപ്പം നിന്ന് ഓൺലൈൻ ക്ലാസുകളും സംശയ നിവാരണവും പരീക്ഷാപരിശീലനവുമൊക്കെ നടത്തി കൊടുത്ത അദ്ധ്യാപകരും അപൂർവ്വമായുണ്ട് എന്ന് വിദ്യാർത്ഥികൾ പറയുന്നു. കോളേജ് പഠനം രണ്ടാം സെമസ്റ്ററോടെ അവസാനിച്ചെങ്കിലും അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷ ഇതിനകം നടന്നു കഴിഞ്ഞു. രണ്ടാഴ്ചത്തെ ഇടവേളകളിലാണ് പല സെമസ്റ്റർ പരീക്ഷകളും നടന്നത്. പരീക്ഷ നടത്തുക എന്നതിനപ്പുറം വിദ്യാർത്ഥികളെ പഠിപ്പിക്കുക, പഠിച്ച് പരീക്ഷ എഴുതാൻ സമയവും സാവകാശവും നൽകുക, എന്നതൊന്നും തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് സർവ്വകലാശാലയുടെ നിലപാട്.


കാക്കത്തൊളായിരം കാര്യങ്ങളിൽ സമരങ്ങളുമായി രംഗത്തു വരാറുള്ള വിദ്യാർത്ഥി സംഘടനകളൊന്നും ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കാൻ തയാറാകുന്നില്ലന്ന് വിദ്യാർത്ഥികൾക് പരാതിയുണ്ട്. അദ്ധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ ശബ്ദിച്ചാൽ ഇന്റേണൽ മാർക്ക് നൽകാതെ തോൽപ്പിച്ചു കളയും എന്ന ഭയമുള്ളത് കൊണ്ട് പരസ്യമായി പ്രതികരിക്കാൻ വിദ്യാർത്ഥികൾക്കും കഴിയാത്ത സ്ഥിതിയാണ്. ‘ആണ്ടവൻ തുണൈ, എന്ന ആപ്തവാക്യമുരുവിട്ട് ഇന്നു മുതൽ പരീക്ഷ എഴുതാൻ തന്നെ പോകുകയാണ് കോഴിക്കോട് സർവ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button