DISTRICT NEWSMAIN HEADLINES

പത്ത്‌, പ്ലസ്‌ടു പരീക്ഷ മാര്‍ച്ച് 17 മുതല്‍ ; അവസാന വർഷ ഡിഗ്രി, പിജി ക്ലാസ്‌ ജനുവരി ആദ്യ ആഴ്‌ച

എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (രണ്ടാംവർഷം) പരീക്ഷ മാർച്ച് 17 മുതൽ 30 വരെ നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ്‌ തീരുമാനം. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കും.

പ്രായോഗിക പരീക്ഷയ്‌ക്കുള്ള ക്ലാസ്‌ ജനുവരി ഒന്നുമുതൽ ആരംഭിക്കും. പൊതുപരീക്ഷയ്‌ക്ക്‌ ഉടൻ ക്രമീകരണമാകും. ജൂൺ ഒന്നുമുതൽ ആരംഭിച്ച ഓൺലൈൻ ക്ലാസിന്റെ റിവിഷനും സംശയനിവാരണവും ജനുവരി ഒന്നുമുതൽ സ്‌കൂളിൽ ആരംഭിക്കും. മാതൃകാപരീക്ഷയും വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയ്‌ക്കുന്നതിനുള്ള കൗൺസലിങ്ങും നടത്തും. ഇതിനായി 10, പ്ലസ്‌ടു ക്ലാസിലെ വിദ്യാർഥികൾക്ക് രക്ഷാകർത്താക്കളുടെ അനുവാദത്തോടെ സ്‌കൂളിലെത്താം. ഓൺലൈൻ ക്ലാസ്‌ തുടരും.

അവസാനവർഷ ബിരുദ, ബിരുദാനന്തര ക്ലാസും ജനുവരി ആദ്യ ആഴ്‌ച ആരംഭിക്കും. പകുതിവീതം വിദ്യാർഥികളുമായാണ്‌ ക്ലാസ്‌ നടത്തുക. ആവശ്യമെങ്കിൽ രാവിലെയും ഉച്ചയ്‌ക്കുശേഷവുമായി രണ്ട്‌ ഷിഫ്റ്റായി ക്രമീകരിക്കും. കാർഷിക, ഫിഷറീസ് സർവകലാശാലകളിൽ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തി ജനുവരി ആദ്യം ക്ലാസ്‌ ആരംഭിക്കും. മെഡിക്കൽ കോളേജുകളിൽ രണ്ടാംവർഷംമുതൽ ക്ലാസ്‌ ആരംഭിക്കും.

യോഗത്തിൽ മന്ത്രിമാരായ കെ കെ ശൈലജ, സി രവീന്ദ്രനാഥ്, കെ ടി ജലീൽ, വി എസ് സുനിൽകുമാർ, ജെ മേഴ്സിക്കുട്ടിഅമ്മ, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ തുടങ്ങിയവർ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button