CALICUTDISTRICT NEWS
പത്രം കോവിഡ് പരത്തില്ല
കോഴിക്കോട് : ‘കോവിഡ്19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റൊരു അറിയിപ്പുണ്ടാകും വരെ പത്രവിതരണം നിർത്തിവെക്കുന്നു’. കഴിഞ്ഞ രണ്ടുദിവസമായി പത്ര മാനേജ്‌മെന്റുകൾ അറിയാതെ വായനക്കാരിലെത്തുന്ന അറിയിപ്പാണിത്. പത്രവിതരണ ശൃംഖല കോവിഡ് വാഹകരാണെന്ന പ്രചാരണമാണ് വിതരണക്കാരെയും വായനക്കാരെയും പരിഭ്രാന്തരാക്കിയത്.
കേരളത്തിൽ സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമമാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ഡോക്ടറുടെ ‘വിദഗ്ധാഭിപ്രായ’ത്തോടെയാണ് വാർത്ത. സോഷ്യൽ മീഡിയയിലെ ‘കുഞ്ഞമ്മാവന്മാർ’ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ശാസ്ത്രീയാടിത്തറയില്ലാത്തതാണ് വാർത്തയെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗികളിലൂടെ പ്രതലങ്ങളിലെത്തുന്ന കണങ്ങൾ മറ്റുള്ളവർ സ്പർശിച്ച് കണ്ണിലോ മൂക്കിലോ വായിലോ തൊട്ടാലേ കോവിഡ് പകരാൻ സാധ്യതയുള്ളൂ. ഏതൊരു പ്രതലത്തിലും ഉണ്ടായേക്കാവുന്ന സാധ്യതയേ പത്രത്തിനുമുള്ളൂ. ഏതെങ്കിലും പ്രതലത്തിൽ തൊടാതെ ഒരു നിമിഷം പോലും ആർക്കും നിൽക്കാനാവില്ല. രോഗി കൈകാര്യം ചെയ്ത നാണയം, കറൻസി, പാൽ കവർ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, വസ്ത്രം തുടങ്ങിയവ കൈയിലെത്തിയാലുള്ള സാധ്യതയേ പത്രക്കടലാസിനുമുള്ളൂ. എന്നാൽ പത്രം അച്ചടിക്കുന്ന ഒരു ഘട്ടത്തിലും രോഗികൾ തൊടുന്നില്ലെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
അനാവശ്യ ഭയം വേണ്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ സാംക്രമികരോഗ വിഭാഗം മേധാവി ഡോ. ഷീല മാത്യുവും അഭിപ്രായപ്പെട്ടു. ഇറ്റലിയിലും യുഎഇയിലും പത്രവിതരണം നിർത്തിയിരുന്നു. അത് കോവിഡ് 19 പടർത്തിയതിനല്ല. വൈറസിന്റെ സാമൂഹ്യ വ്യാപനം വന്നതോടെ മുഴുവൻ സ്ഥാപനങ്ങളും അടച്ചപ്പോൾ പത്ര ജീവനക്കാരുൾപ്പെടെയുള്ളവരുടെ സുരക്ഷയെക്കരുതിയാണ് വാർത്താവിതരണവും മുടക്കിയത്. നമ്മുടെ രാജ്യത്ത് ഇപ്പോൾ അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നില്ലെന്നും അവർ പറഞ്ഞു.
യന്ത്രസഹായത്തോടെ അച്ചടിക്കുന്നതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റി കേരള റീജ്യൺ ചെയർമാൻ എം വി ശ്രേയാംസ്‌കുമാർ പറഞ്ഞു. പത്രക്കടലാസ് ഇറക്കുന്നതു മുതൽ പത്രം അടിച്ച് എണ്ണിക്കെട്ടുന്നതുവരെ യന്ത്രങ്ങളാണ്. പത്രക്കെട്ടുകളുമായി പോകുന്ന വാഹനങ്ങൾ അണുവിമുക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments