DISTRICT NEWS

പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ  ബന്ധുക്കൾക്ക്  കൈമാറി

 

കോഴിക്കോട്: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്‍റെ മൃതദേഹ അവശിഷ്ടങ്ങൾ  ബന്ധുക്കൾക്ക്  കൈമാറി. കാണാതായ ദീപക്കിന്‍റേതെന്ന് കരുതി ഇര്‍ഷാദിന്‍റെ മൃതദേഹം ബന്ധുക്കള്‍ സംസ്കരിച്ചിരുന്നു. എന്നാല്‍ ഡി എന്‍ എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്‍റേതല്ലെന്നും ഇര്‍ഷാദിന്‍റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇര്‍ഷാദിന്‍റെ മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.  

ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടത്തി. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15 ന് വൈകിട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17 ന് ഇതിന്‍റെ പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു.

അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡി എന്‍ എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റെതെന്ന് തിരിച്ചറിഞ്ഞു. കേസിൽ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസർ, സഹോദരൻ ഷംനാദ് എന്നിവരെ നാട്ടിലെത്തിക്കാൻ ഉടൻ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. പ്രതികളുടെ പാസ്പോർട്ട് വിവരങ്ങടക്കം അന്വേഷണസംഘം ശേഖരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button