പയ്യോളിയിൽ ഓട്ടോ തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് പരിക്ക്
പയ്യോളി: സമാന്തര സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് പയ്യോളി ടൗണിൽ ഓട്ടോറിക്ഷ-ഓട്ടോ ടാക്സി തൊഴിലാളികൾ തമ്മിലുള്ള തർക്കം സംഘർഷത്തിലും കൈയാങ്കളിയിലുമെത്തി. സംഭവത്തിൽ ഓട്ടോ തൊഴിലാളിയായ കെ.സി. സതീശന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ച പന്ത്രണ്ടോടെ പേരാമ്പ്ര റോഡിലെ ഐ.പി.സി ജങ്ഷനിലാണ് സംഭവം. സമാന്തര സർവിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഓട്ടോ-ഓട്ടോ ടാക്സി തൊഴിലാളികൾ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു.
സമാന്തര സർവിസ് നടത്തുന്നുവെന്ന് ആരോപിച്ച്, യാത്രക്കാരുമായി വരുകയായിരുന്ന ഓട്ടോ ടാക്സിയെ ഓട്ടോ ഡ്രൈവർമാർ റോഡിൽ തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായതെന്ന് പറയുന്നു. ഓട്ടോ ടാക്സി തടഞ്ഞതോടെ ഇരുപക്ഷത്തെയും തൊഴിലാളികൾ സംഘടിച്ചെത്തി വാക്തർക്കത്തിലും തുടർന്ന് കൈയാങ്കളിയിലുമെത്തുകയായിരുന്നു. യാത്രക്കാരനെ ഓട്ടോ ടാക്സി സ്റ്റാൻഡിൽ വെച്ചാണ് കയറ്റിയതെന്നാണ് ടാക്സി തൊഴിലാളിയുടെ വിശദീകരണം. സംഭവത്തെ തുടർന്ന് പയ്യോളി എസ്.ഐ അബ്ദുല്ലയുടെ നേതൃത്വത്തിൽ പൊലീസെത്തി തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതോടെയാണ് സംഘർഷത്തിന് അയവുവന്നത്. ഓട്ടോ ഡ്രൈവർമാരായ സി.ഐ.ടി.യു നേതാവ് കെ.ടി. പ്രദീപൻ, എ.ഐ.ടി.യു.സി നേതാവ് ടി.കെ. അബ്ദുല്ല, ഹാരിസ് എന്നിവരെ കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് പയ്യോളി ടൗണിൽ ഓട്ടോറിക്ഷ കോഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തി. വിവിധ സംഘടന നേതാക്കളായ പി.വി. രാജീവൻ, ടി.ടി. സോമൻ, പി.എം. ഭാസ്കരൻ, പി.പി. രാഘവൻ എന്നിവർ സംസാരിച്ചു.