പയ്യോളി ബി ജെ പി യിലെ ‘അച്ചടക്ക നടപടികൾ’ പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയതിനെത്തുടർന്ന് പുതിയ വിശദീകരണവുമായി മണ്ഡലം പ്രസിഡണ്ട്
കൊയിലാണ്ടി: ബി ജെ പി യുടെ പയ്യോളി മണ്ഡലം കമ്മറ്റിയിൽ പരസ്പരം ചേരിതിരിഞ്ഞുള്ള ആരോപണപ്രത്യാരോപണങ്ങളും നടപടികളെ തുടർന്നുള്ള അനിശ്ചിതത്വവും തുടരുന്നു.തിക്കോടി പഞ്ചായത്ത് കമ്മറ്റി പിരിച്ചുവിട്ടതായും തിക്കോടി കമ്മറ്റിയുടെ പ്രസിഡണ്ടായിരുന്ന ശിവപ്രകാശ് നടുക്കണ്ടിയേയും ഈ കമ്മറ്റിയോടൊപ്പം നിന്ന അറിയപ്പെടുന്ന സംഘ പരിവാർ – ബി ജെ പി നേതാവായ പിലാച്ചേരി വിശ്വനാഥനേയും, പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായി പറയുന്ന ജില്ലാ പ്രസിഡണ്ട് വി കെ സജീവന്റെ കത്ത് ഇന്നലെ മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. സസ്പെൻഷനല്ല; പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കിയതായാണ് മണ്ഡലം പ്രസിഡണ്ട് എ കെ ബൈജു മാധ്യമങ്ങളെ അറിയിച്ചത്. ഒന്നിലധികം മാധ്യമങ്ങളിൽ അത് വാർത്തയായി വരികയും ചെയ്തു. എന്നാൽ വൈകുന്നേരത്തോടെ മണ്ഡലം പ്രസിഡണ്ട് മലക്കംമറിഞ്ഞു. “താത്ക്കാലികമായി പുറത്താക്കി” എന്നാണ് ഉദ്ദേശിച്ചതെന്നും ജില്ലാ പ്രസിഡണ്ട് സ്വീകരിച്ച സസ്പെൻഷൻ നടപടി മാത്രമാണ് നിലവിലുള്ളതെന്നും ഒരു പത്രക്കുറിപ്പിൽ തിരുത്തിയറിയിച്ചു. നടപടിക്ക് വിധേയനായ പിലാച്ചേരി വിശ്വനാഥനും, തന്നെ ജില്ലാ പ്രസിഡണ്ട് സസ്പെന്റ് ചെയ്തതാണെന്നും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിതായി മണ്ഡലം പ്രസിഡണ്ട് നൽകിയ വിശദീകരണം ശരിയല്ലെന്നും അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. നടപടിക്ക് സാധൂകരണമായി, തിക്കോടി പഞ്ചായത്ത് കമ്മറ്റി നടത്തിയ ‘അച്ചടക്ക ലംഘനങ്ങൾ’ അക്കമിട്ട് നിരത്തി വാട്സാപ്പ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആരോപണങ്ങൾക്ക് എണ്ണിയെണ്ണിയുള്ള മറുപടികളുമായി പിരിച്ചുവിട്ട തിക്കോടി പഞ്ചായത്ത് കമ്മറ്റിയുടെ വക്താക്കളും വാട്സാപ്പിൽ സജീവമാണ്. സംഘടനാ അച്ചടക്കം കാറ്റിൽ പറത്തി പഞ്ചായത്ത് കമ്മറ്റിയുടെ മിനുട്സ് തട്ടിപ്പറിച്ചോടിയ വിരുതനെയാണ് തിക്കോടി പഞ്ചായത്ത് കമ്മറ്റിയുടെ താത്കാലിക ചുമതലയേൽപ്പിച്ചിട്ടുള്ളതെന്ന് അവർ പരിഹസിക്കുന്നു.
തങ്ങളെ അച്ചടക്കം പഠിപ്പിക്കാൻ വരുന്നവർ ചെറുവണ്ണൂർ പഞ്ചായത്ത് വരെ ഒന്ന് പോയി നോക്കണം എന്നവർ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാർട്ടിയെ നാലാം സ്ഥാനത്താക്കുകയും ചെയ്തയാളെയാണ് ഇപ്പോൾ ചെറുവണ്ണൂർ പഞ്ചായത്തിനെ നയിക്കുന്നത്. ഇതുപോലുള്ള ഒരുപാട് സംഭവങ്ങളും ചില വീഡിയോദൃശ്യങ്ങളുമൊക്കെ പുറത്തുവന്നാൽ നാറുന്നത് പിരിച്ചുവിടപ്പെട്ട പഞ്ചായത്ത് കമ്മറ്റി ആയിരിക്കില്ലെന്നാണ് അവർ പറയുന്നത്.