വില്ലേജ് ഓഫിസ് ജീവനക്കാരന്റെ വീട്ടിലും പയ്യോളി കീഴൂരിലുള്ള വില്ലേജ് ഓഫിസിലും വിജിലൻസിന്റെ വ്യാപക പരിശോധന
പയ്യോളി: വില്ലേജ് ഓഫിസ് ജീവനക്കാരന്റെ വീട്ടിലും പയ്യോളി കീഴൂരിലുള്ള വില്ലേജ് ഓഫിസിലും വിജിലൻസിന്റെ വ്യാപക പരിശോധന. പയ്യോളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തുറയൂർ സ്വദേശി മണിയുടെ വീട്ടിലും ഓഫിസിലുമാണ് ബുധനാഴ്ച രാവിലെ ഏഴുമുതൽ പരിശോധന നടന്നത്. കോഴിക്കോട് വിജിലൻസ് എസ്.പി പ്രിൻസ് എബ്രഹാം, ഡിവൈ.എസ്.പി ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അതിരാവിലെ വില്ലേജ് ഓഫിസിൽ എത്തിയ സംഘം ജീവനക്കാരെ വിളിച്ചുവരുത്തുകയായിരുന്നു.
എന്നാൽ, പരിശോധന സംബന്ധിച്ച വിശദാംശങ്ങളൊന്നും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജൂൺ ഒമ്പതിന് അഴിയൂർ സബ് രജിസ്ട്രാർ ഓഫിസ് ജീവനക്കാരനായ മൂരാട് പഴയ ബ്ലൂഡയമണ്ട് തിയറ്റർ റോഡിന് സമീപത്തെ ആറാംകണ്ടത്തിൽ ഷാനവാസിന്റെ വീട്ടിലും സമാന രീതിയിൽ പരിശോധന നടന്നിരുന്നെങ്കിലും പിന്നീട് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.