CALICUTDISTRICT NEWSMAIN HEADLINES

പള്‍സ് പോളിയോ ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി – ജില്ലാകലക്ടര്‍  ജില്ലയില്‍ 2,28768 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും 

ജനുവരി 19 ന് ദേശീയതലത്തില്‍ നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ജില്ലയിലെ  ഒരുക്കങ്ങള്‍  പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. അഞ്ച് വയസ്സുവരെ പ്രായമുള്ള 2,28768 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ തുള്ളിമരുന്ന് നല്‍കുക. അന്നേ  ദിവസം ജില്ലയിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും മറ്റ് കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു നിര്‍വ്വഹിക്കും.  റോട്ടറി, ഇന്ത്യന്‍ പീഡിയാട്രിക് അസോസിയേഷന്‍, സാമൂഹ്യനീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ത്രിതലപഞ്ചായത്തുകള്‍, ജില്ലാ ഭരണകൂടം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ്പരിപാടി സംഘടിപ്പിക്കുന്നത്. ബൂത്ത് തലത്തിലും, പഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ തലത്തിലും ജനപ്രതിനിധികള്‍ ഉദ്ഘാടനം ചെയ്യും.
അംഗന്‍വാടികള്‍, ആരോഗ്യ ഉപകേന്ദ്രങ്ങള്‍, കുടുംബാരോഗ്യകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍, ബസ്സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍  പോളിയോ  ബൂത്തുകള്‍ പ്രവര്‍ത്തിക്കും. 55 ട്രാന്‍സിറ്റ് ബൂത്തുകളും, രണ്ട് മേള ബൂത്തുകളും, 54 മൊബൈല്‍ ബൂത്തും ഉള്‍പ്പെടെ 2304 ബൂത്തുകളാണ് ഞായറാഴ്ച പ്രവര്‍ത്തിക്കുക.  ഈ ബൂത്തുകള്‍ക്കാവശ്യമായ 4608 വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനായി പഞ്ചായത്ത് തലത്തില്‍ 230  സൂപ്പര്‍ വൈസര്‍മാരെ നിയമിച്ചിട്ടുണ്ട്.  കൂടാതെ ജില്ലാ തല സൂപ്പര്‍ വിഷന് 19 ജില്ലാ തല പ്രോഗ്രാം ഓഫീസര്‍മാരെയും നിയമിച്ചു. സംസ്ഥാനതല നിരീക്ഷകരും ലോകാരോഗ്യ സംഘടനാ നിരീക്ഷകരും ശനിയാഴ്ച ജില്ലയില്‍  എത്തും.
ജില്ലാതല കര്‍മ്മ സമിതി യോഗം ചേര്‍ന്ന് ആരോഗ്യവകുപ്പിന്റെ വാഹനങ്ങള്‍ക്ക് പുറമേ വിവിധ വകുപ്പുകളുടെ വാഹനവും  ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ പള്‍സ് പോളിയോ പരിപാടിക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട്.
പള്‍സ് പോളിയോ വിതരണത്തിനായി ഞായറാഴ്ച രാവിലെ 8 മണിമുതല്‍ അഞ്ച് മണിവരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. ട്രാന്‍സിറ്റ് ബൂത്തുകള്‍ മൂന്ന് ദിവസങ്ങള്‍ പ്രവര്‍ത്തിക്കും. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മൂന്ന് ദിവസവും 24 മണിക്കൂറും ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അഞ്ച് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികളേയും പോളിയോ ബൂത്തുകളില്‍ എത്തിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button