പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ കാര്യങ്ങൾ ഗവർണറല്ല തീരുമാനിക്കേണ്ടത്, പഴ്സനൽ സ്റ്റാഫ് പെൻഷൻ നിർത്തില്ല: കോടിയേരി
സംസ്ഥാനത്തു സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ലെന്നും മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ നിർത്തലാക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. പിഎസ്‌സി റാങ്ക് ജേതാക്കളുടെ നീണ്ട പട്ടിക നിലനിൽക്കെ പെൻഷൻ പ്രായം കൂട്ടുന്നതു സ്വീകാര്യമല്ലെന്നു കോടിയേരി പറഞ്ഞു.
പഴ്സനൽ സ്റ്റാഫിന്റെ പെൻഷൻ കാര്യങ്ങൾ ഗവർണറല്ല, സർക്കാരാണു തീരുമാനിക്കേണ്ടത്. പഴ്സനൽ സ്റ്റാഫ് വിഷയത്തിൽ ഗവർണർ ഒരു മാസം സമയം അനുവദിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ‘അതു കഴിഞ്ഞാൽ എന്തു സംഭവിക്കുമെന്നു നമുക്കു നോക്കാം’ എന്നായിരുന്നു പ്രതികരണം.
പഴ്സനൽ സ്റ്റാഫിലുള്ളവർക്ക് 1984 മുതൽ പെൻഷൻ നൽകുന്നുണ്ട്. 5 വർഷത്തേക്കാണു നിയമനം. 2 വർഷം കൂടുമ്പോൾ മാറ്റി നിയമിക്കുമെന്നതു തെറ്റായ വിവരമാണ്. കാര്യങ്ങൾ നടത്താനും കാര്യക്ഷമത കൂട്ടാനും പഴ്‌സനൽ സ്റ്റാഫ് വേണം. അപ്പോൾ സാമ്പത്തിക ഭാരവും കൂടും. കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ആളെ വേണ്ടതിനാലാണു നഗരസഭാ അധ്യക്ഷർക്കും പഴ്സനൽ അസിസ്റ്റന്റുമാരെ നൽകുന്നതെന്നും കോടിയേരി ന്യായീകരിച്ചു.