പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്
പാലക്കാട് ഉൾപ്പടെ ആറ് ജില്ലകളിൽ കൊടും വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ വിദഗ്ദരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത കുറഞ്ഞതാണ് വരൾച്ചയ്ക്ക് കാരണമെന്നും വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു മാസത്തെ കണക്ക് പ്രകാരം സംസ്ഥാനത്ത് 48 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ താപനില 36 ഡിഗ്രിയായി ഉയർന്നു. ജലാശയങ്ങളിൽ ജലനിരപ്പ് കുറഞ്ഞതോടെ കൃഷിയിടങ്ങൾ വരണ്ടു തുടങ്ങുകയും ചെയ്തു. പാലക്കാട് അതിർത്തി ഗ്രാമങ്ങളിലുള്ളവരും കർഷകരും ആശങ്കയിലാണ്.
രാജ്യത്ത് കഴിഞ്ഞ 100 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഓഗസ്റ്റ് മാസം ഈ വർഷമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോർട്ടുണ്ട്. സാധാരണ ലഭിക്കുന്നതിലും 30 മുതൽ 33 ശതമാനം വരെ കുറവാണ് മഴക്കണക്കിൽ ഓഗസ്റ്റ് മാസം രാജ്യത്താകമാനം രേഖപ്പെടുത്തിയത്. എൽനിനോ പ്രതിഭാസമാണ് മഴക്കുറവിന് കാരണമെന്നാണ് വിലയിരുത്തൽ. കനത്ത ചൂടിൽ സംസ്ഥാനം വലയുമ്പോൾ, മഴക്കണക്കിൽ വന്നിട്ടുള്ള കുറവ് ആശങ്കയുയർത്തുന്നതാണെന്ന് കാലാവസ്ഥാ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓഗസ്റ്റിൽ പത്തനംതിട്ട ജില്ലയിൽ ആകെ ലഭിക്കേണ്ടുന്ന മഴയുടെ ആറ് ശതമാനം മാത്രമാണ് ലഭിച്ചത്. പാലക്കാട് ഏഴ് ശതമാനവും മലപ്പുറം, തൃശൂർ എന്നിവിടങ്ങളിൽ 10 ശതമാനവുമാണ് മഴ ലഭിച്ചത്.
അതേസമയം, സെപ്‌തംബർ മൂന്നാം ആഴ്ച വരെയാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ സമയം. ആ സമയത്ത് ലഭിക്കുന്ന മഴയിലാണ് ഇനി പ്രതീക്ഷ. സെപ്തംബറിൽ പ്രതീക്ഷിക്കുന്ന തോതിൽ മഴ ലഭിച്ചാൽ തന്നെ നിലവിലെ കുറവ് പരിഹരിക്കാൻ കഴിയില്ലെന്നാണ് കാലാവസ്ഥ വിദഗ്ധർ പറയുന്നത്. സെപ്തംബറിൽ 94 മുതൽ 96 ശതമാനം വരെ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് തലവൻ മൃത്യുഞ്‌ജയ് മൊഹാപാത്ര പറഞ്ഞത്.