പാവപ്പെട്ട രോഗികള്‍ക്ക് സഹായകമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും കടുത്ത പ്രതിസന്ധിയിലേക്ക്
പാവപ്പെട്ട രോഗികള്‍ക്ക് സഹായകമായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും കടുത്ത പ്രതിസന്ധിയിലേക്ക്. കോടികളുടെ കുടിശിക സർക്കാർ നല്കാത്തതിനാൽ പദ്ധതിയില്‍ നിന്ന് പിന്മാറാനൊരുങ്ങുകയാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍.42 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസമായ പദ്ധതിയാണ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം പ്രതിസന്ധിയിലായിരിക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ക്ക് 300 കോടിയോളം രൂപയുടെ കുടിശികയുണ്ട്. ഇതില്‍ 104 കോടി അനുവദിച്ചിട്ടുണ്ടെങ്കിലും ബാക്ക് തുക എന്ന് നല്‍കുമെന്ന് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 200 കോടി രൂപ കുടിശികയുണ്ട്. ലഭിക്കേണ്ട ബാക്കി തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഒക്ബോര്‍ ഒന്ന് മുതല്‍ പിന്മാറാന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് തീരുമാനമെടുത്തിരുന്നു. മിക്ക ആശുപത്രികള്‍ക്കും ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെയുള്ള പണം കിട്ടാനുണ്ട്.
കുടിശിക മുഴുവന്‍ തീര്‍ക്കാതെ തീരുമാനത്തില്‍ പുനരാലോചന ഇല്ലെന്ന് കെ.പി.എച്ച്.എ വ്യക്തമാക്കി. സമയബന്ധിതമായി കുടിശിക തീര്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പലതവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സംഘടന പറയുന്നു. തുക നല്കാതിരിക്കുന്നതിനുള്ള പഴി കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി അംഗീകരിച്ച പുതുക്കിയ ചികിത്സാ പാക്കേജും നിരക്കുകളും നടപ്പാക്കത്തതിലും ആശുപത്രികള്‍ക്ക് പ്രതിഷേധമുണ്ട്.
കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ചികിത്സാ ധനസഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ. ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവരുന്ന അവസരങ്ങളിലാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. കിടത്തി ചികിത്സ, മരുന്ന്, പരിശോധന തുടങ്ങിയ ചെലവുകളെല്ലാം സൗജന്യമാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മൂന്ന് ദിവസം മുന്‍പും വിടുതല്‍ ചെയ്തശേഷം 15 ദിവസം വരെയും വേണ്ടിവരുന്ന പരിശോധനകള്‍, മരുന്നുകള്‍ എന്നിവയും സൗജന്യമാണ്