പിണറായി ഭരണത്തിൽ സ്‌ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം
കൊയിലാണ്ടി: പിണറായി ഭരണത്തിൽ കേരളത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. ബി ജെ പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ധർണ്ണയുടെ ഭാഗമായി, കൊയിലാണ്ടി മണ്ഡലം കമ്മിറ്റി മിനിസിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച ബഹുജന ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ദിനം പ്രതി വർദ്ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെയും മലപ്പുറം അരീക്കോട്
കാവന്നൂരിൽ തളർന്നു കിടക്കുന്ന അമ്മയുടെ മുൻപിൽ വെച്ച് ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ബഹുജന ധർണ്ണയുടെ ഭാഗമായിരുന്നു കൊയിലാണ്ടിയിലെ പരിപാടി. കാവന്നൂർ സംഭവത്തിലെ ഇരയെ സന്ദർശിക്കാൻ പോലും മലപ്പുറത്തെ ജനപ്രതിനിധികൾ തയ്യാറാകാത്തത് ലജ്ജാകരമാണെന്നും, പീഡനം നടന്നത് മലപ്പുറമായത് കൊണ്ടും, പ്രതി പ്രത്യേക സമുദായത്തിൽപ്പെട്ടതുകൊണ്ടുമാണ് സാംസ്ക്കാരിക നായകരുടെ നാവ് ചലിക്കാതിരിക്കുന്നത്. സെലക്ടീവ് പ്രതികരണങ്ങൾ നടത്തുന്ന സാംസ്ക്കാരിക നായകർ കേരളത്തിന് അപമാനമാണെന്നും പ്രഫുൽ ആരോപിച്ചു.
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് എസ് ആർ ജയ്കിഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി കെ വി സുരേഷ്, സെക്രട്ടറി ഗിരിജ ഷാജി, വൈശാഖ്, കെ കെ അഭിൻ അശോക്, കൗൺസിലർ സിന്ധു സുരേഷ്, യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് വി എം അമൽ ഷാജി , ഒ ബി സി മോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രീജിത്ത്, മഹിളാ മോർച്ച മണ്ഡലം പ്രസിഡൻ്റ് സി നിഷ, കൊയിലാണ്ടി ഏരിയ പ്രസിഡൻ്റ് രവി വല്ലത്ത്, ജനറൽ സെക്രട്ടറി കെ പി എൽ മനോജ് എന്നിവർ സംസാരിച്ചു.