പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ പരാതി പരിഹാര അദാലത്ത് വരുന്നു
പിണറായി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതി പരിഹാര അദാലത്ത് നടത്തും. താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ട്രേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി വകുപ്പ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തിലാണ് അദാലത്ത് നടത്തുക. ജില്ലാതലത്തിൽ അദാലത്തിൻറെ ചുമതല മന്ത്രിമാർക്കാണ്. നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കലക്ടർമാരുടെ ചുമതലയാണ്.
അദാലത്തിലേയ്ക്ക് പരിഗണിക്കേണ്ട പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെയുളള പ്രവർത്തി ദിവസങ്ങളിൽ സ്വീകരിക്കും. പൊതുജനങ്ങൾക്ക് ഓൺലൈനായി നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകളിലും പരാതികൾ സമർപ്പിക്കാവുന്നതാണ്. ഇതിനാവശ്യമായ ഓൺലൈൻ സംവിധാനം ഒരുക്കും.
സർക്കാരിൻറെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര – പൊതുജന സമ്പർക്ക വകുപ്പിൻറെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എൻറെ കേരളം 2023 പ്രദർശന വിപണന മേള സംഘടിപ്പിക്കും. ഏപ്രിൽ 1 മുതൽ മെയ് 30 വരെയാണ് മേളകൾ. പരിപാടിയുടെ ആശയങ്ങൾക്കുള്ള അംഗീകാരവും സംസ്ഥാനതല സംഘാടന മേൽനോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രി/മന്ത്രിമാർ രക്ഷാധികാരികളായും ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസിർ കൺവീനറുമായി ജല്ലാതല സംഘാടക സമിതി രൂപീകരിക്കും.