പി എസ് സി ചോദ്യങ്ങള്‍ പകര്‍ത്തി ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ നീക്കം
ചോദ്യങ്ങള്‍ പകര്‍ത്തി ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാൻ പി.എസ്.സിയുടെ നീക്കം. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ തുടര്‍ച്ചയായി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് നടപടി.
ഗൈഡുകളില്‍ നിന്നും മറ്റ് ആപ്പുകളില്‍ നിന്നും ചോദ്യങ്ങള്‍ അതേപടി പേപ്പറിലേയ്ക്ക് പകര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് വസ്തുതകൾ വിലയിരുത്തിയതിന് ശേഷമാണ് പി.എസ്.സി കനത്ത നടപടിയ്ക്ക് തയ്യാറെടുക്കുന്നത്.
ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പി.എസ്.സിയുടെ പ്ലംബര്‍ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന് ആരോപണം ഉയർന്നിരുന്നു. കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷ പി.എസ്.സി റദ്ദാക്കി, ചോദ്യ കര്‍ത്താവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചോദ്യകര്‍ത്താവിനെതിരെ സ്വീകരിച്ച ഈ നടപടി ചോദ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയുന്നതിനുള്ള മതിയായ ശിക്ഷ ആകില്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പി.എസ്.സി തയ്യാറായത്.
ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തുകയോ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറില്‍ ഉള്ളത് അതേപടി ആവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിലും ഫലം കാണാത്ത സാഹചര്യത്തിലാണ് അശ്രദ്ധമായി ചോദ്യങ്ങള്‍ തയാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പി.എസ്.സി തീരുമാനമെടുത്തത്.