DISTRICT NEWS

പുതിയാപ്പ ഹാര്‍ബറിന് സ്വപ്ന സാക്ഷാത്കാരം; ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ത്ഥ്യമാവുന്നു

മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നമായിരുന്ന പുതിയാപ്പ ഹാര്‍ബറിലെ ഫിംഗര്‍ ജെട്ടിയും ലോക്കര്‍ റൂം സൗകര്യവും യാഥാര്‍ത്ഥ്യമാവുന്നു. കൂടുതല്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ഹാര്‍ബര്‍ വികസിപ്പിക്കുന്നതിന്റെയും ഭാഗമായി ഫിംഗര്‍ ജെട്ടി, ചുറ്റുമതില്‍, ലോക്കര്‍ മുറികള്‍ എന്നിവയാണ് ഹാര്‍ബറില്‍ സജ്ജമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ ഫിംഗര്‍ ജെട്ടി സ്ഥാപിക്കുന്നത്.

മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിതമായി അടുപ്പിക്കുന്നതിന് ഫിംഗര്‍ ജെട്ടി വേണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ചിരുന്നു. ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11.01 കോടിയോളം രൂപ ചിലവിലാണ് ഫിംഗര്‍ ജെട്ടി നിര്‍മ്മിച്ചിട്ടുള്ളത്. തെക്കേ പുലിമുട്ടില്‍ നിന്നും 100 മീറ്റര്‍ നീളത്തിലും 8.45 മീറ്റര്‍ വീതിയിലുമുള്ള രണ്ട് ഫിംഗര്‍ ജെട്ടികളാണ് പൂര്‍ത്തീകരിച്ചത്. കൈവിരല്‍ ആകൃതിയില്‍ കടല്‍പ്പാലം മാതൃകയിലാണ് പുതിയ ജെട്ടികള്‍. ഇവ തമ്മില്‍ 100 മീറ്റര്‍ അകലം ഉള്ളതിനാല്‍ ഇരുവശങ്ങളിലും 300 ഓളം ബോട്ടുകള്‍ സുഗമമായി അടുപ്പിക്കുവാന്‍ സാധിക്കും. ഇത് 3000ത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്രദമാവും.

ജെട്ടിയിലേക്കുള്ള 300 മീറ്റര്‍ കോണ്‍ക്രീറ്റ് റോഡും ശുദ്ധജല വിതരണ സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തീകരിച്ചതോടെ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കി കൂടുതല്‍ ബോട്ടുകള്‍ സുരക്ഷിതമായും സൗകര്യത്തോടെയും ഹാര്‍ബറില്‍ സുഗമമായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

തീരദേശത്തിന്റെയും ഹാര്‍ബറുകളുടെയും സുരക്ഷ മുന്‍നിര്‍ത്തി ചുറ്റുമതിലും ലോക്കര്‍ മുറികളും നിര്‍മ്മിച്ചിട്ടുണ്ട്്. ഹാര്‍ബറില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് നിലവില്‍ 10 ലോക്കര്‍ മുറികളാണുണ്ടായിരുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.25 കോടി രൂപ ചിലവില്‍ 27 ലോക്കര്‍ മുറികളും 1520 മീറ്റര്‍ നീളമുള്ള ചുറ്റുമതിലുമാണ് ഇപ്പോള്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലോക്കര്‍ മുറികളിലേക്കും പടിഞ്ഞാറെ പുലിമുട്ടിലേക്കും ഗതാഗതത്തിനായി 95 ലക്ഷം രൂപ ചിലവഴിച്ച് ഒരു പുതിയ റോഡും ഹാര്‍ബര്‍ വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button