പുരുഷ നേതാക്കൾക്കെതിരെ നടപടിയില്ല. ഹരിതയ്ക്ക് പ്രവർത്തിക്കാം
ഹരിത പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായ വാക്പ്രയോഗം നടത്തിയതായുള്ള പ്രശ്നത്തിൽ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയില്ല. കുറ്റാരോപിതനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസടക്കം ഫേസ്ബുക്കിലൂടെ ഖേദംപ്രകടിപ്പിച്ചാല്‍ മതിയെന്ന് മുസ്ലിംലീഗ് തീരുമാനിച്ചു. ഇവര്‍ക്കെതിരായ കാരണംകാണിക്കല്‍ നോട്ടീസില്‍ ലീഗ് തുടര്‍ നടപടി സ്വീകരിക്കില്ല.
നവാസിനെതിരായി ഹരിത നേതാക്കള്‍ വനിതാകമീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം അറിയിച്ചു. എന്നാൽ വനിതാ കമ്മീഷൻ പൊലീസിന് കൈമാറുകും അതിൻ്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്ത കേസാണ്.
ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടി ഒഴിവാക്കുന്നതാണ്. നവാസിനൊപ്പം മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി എ വഹാബ് എന്നിവര്‍ക്കെതിരായായിരുന്നു പരാതി.
ജൂണ്‍ 22ന് കോഴിക്കോട് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നു അധിക്ഷേപകരമായ പരാമര്‍ശം. ഹരിത നേതാക്കള്‍ ലീഗ് സംസ്ഥാനകമ്മിറ്റിക്ക് പരാതി നല്‍കി. നേതാക്കളുടെയെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. സൈബറിടത്തിലുടെ ഇവര്‍ക്ക് നേരെ വ്യക്തിഹത്യ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് പത്തുപേര്‍ വനിതാകമീഷനെ സമീപിച്ചത്.