Uncategorized

പുല്‍വാമ ഭീകരാക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, ഒരാള്‍ അറസ്റ്റിലായി- കേന്ദ്രം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് ഭീകരരില്‍ നാലുപേരെ വധിക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജയ്‌ഷെ മുഹമ്മദാണെന്ന് വ്യക്തമായതായും അദ്ദേഹം ലോക്‌സഭയോട് വെളിപ്പെടുത്തി.

 

ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ചാവേര്‍ ആയിരുന്നു. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റുള്ള മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ അന്വേഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഫെബ്രുവരി 14 നാണ് രാജ്യത്തെ നടക്കിയ ഭീകരാക്രമണം നടന്നത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ദേശീയ പാതയില്‍ വെച്ച് ഭീകരൻ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനിടയിലേക്ക് ഇടിച്ചുകയറ്റി ആക്രമണം നടത്തുകയായിരുന്നു. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button