പൂനൂര് പാലം മുതല്‍ തച്ചംപൊയില്‍ വരെ നടുറോഡില്‍ അറവുമാലിന്യം തള്ളി
പൂനൂര് , ചീനിമുക്ക്, അവേലം, തച്ചംപൊയില്‍ , പള്ളിപ്പുറം, ഈര്‍പ്പോണ, കത്തറമ്മല്‍ ഭാഗങ്ങളിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. കോഴിക്കടകളില്‍ നിന്ന് ചാക്കുകളില്‍ കെട്ടി ശേഖരിക്കുന്ന അറവുമാലിന്യം വാഹനത്തില്‍ കൊണ്ടുപോവുമ്പോള്‍ റോഡിലേക്കും മറ്റും തുറന്നുവിട്ടതാണെന്ന് കരുതുന്നു. റോഡില്‍ വീണ മാലിന്യം വാഹനങ്ങള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
കടുത്ത ദുര്‍ഗന്ധം കാരണം യാത്രക്കാരും സമീപ വീടുകളിലുള്ളവരും ദുരിതത്തിലായി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് താമരശേരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എസ്. മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം എന്നിവർ സ്ഥലത്തെത്തി. തുടര്‍ന്ന് താമരശേരി ഗ്രാമപഞ്ചായത്തിന്റെ മാലിന്യം എടുക്കുന്ന വാഹനം എത്തിച്ച് റോഡില്‍ നിന്ന് അറവുമാലിന്യം എടുത്തുമാറ്റി.
തിങ്കളാഴ്ച രാത്രി ചമല്‍ കൊളമലയില്‍ ചാക്കില്‍ നിറച്ച അറവു മാലിന്യം പിക്കപ്പ് വാനിലെത്തിച്ച് ജനവാസ കേന്ദ്രത്തിലെ റോഡില്‍ തള്ളിയിരുന്നു. പ്രദേശവാസികള്‍ നല്കിയ പരാതിയില്‍ താമരശേരിയിലെ മഞ്ജു ചിക്കന്‍ സ്റ്റാള്‍ ഉടമ റഫീക്കിനെതിരേ പോലീസ് കേസെടുക്കുകയും ഗ്രാമപഞ്ചായത്ത് 25,000 രൂപ പിഴയിടുകയും ചെയ്തിരുന്നു.