പെരുവണ്ണാമൂഴിയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം വരുന്നു
ആധുനിക സൗകര്യങ്ങളോടെ പെരുവണ്ണാമൂഴിയിൽ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം ഉയരുന്നു. പെരുവണ്ണാമൂഴി ടൗണിൽ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടുനൽകിയ 50 സെന്റ് സ്ഥലത്ത് മൂന്നു നില കെട്ടിടമാണ് നിർമ്മിക്കുന്നത്.
സംസ്ഥാന സർക്കാർ അനുവദിച്ച 1.96 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പോലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. 1987ൽ പെരുവണ്ണാമൂഴി ഡാം ഗേറ്റിനു മുമ്പിൽ ജലസേചന വകുപ്പിന്റെ കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.
പുതിയ സ്റ്റേഷൻ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ (സപ്തംബർ 19-ന് ) ടി.പി.രാമകൃഷ്ണൻ എം.എൽ.എ നിർവ്വഹിക്കും. ചടങ്ങിൽ ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കോഴിക്കോട് റൂറൽ എസ്.പി കറുപ്പസ്വാമി എന്നിവർ മുഖ്യാതിഥികളാകും.