പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവാവിന് പിഎസ്‍സി പരീക്ഷക്ക് അവസരം നഷ്ടപ്പെട്ട സംഭവത്തില്‍ വീഴ്ച ശരിവെച്ച് ഡിസിപി
കോഴിക്കോട് പൊലീസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് യുവാവിന് പിഎസ്‍സി പരീക്ഷ എഴുതാൻ കഴിയാതെ വന്ന സാഹചര്യം ശരിവെച്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല അന്വേഷണം പൂര്‍ത്തിയായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിസിപി പറഞ്ഞു.
ഇക്കഴിഞ്ഞ 22 നാണ് പിഎസ്‍സി പരീക്ഷ എഴുതാന്‍ പോവുകയായിരുന്ന രാമനാട്ടുകര സ്വദേശി അരുണിനെ ഗതാഗത നിയമംലംഘിച്ചെന്ന പേരിലാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. പിന്നീട് സ്റ്റേഷനിലെത്തിയപ്പോള്‍ കാര്യത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗ്രേഡ് എസ്ഐ അരുണിനെ ഉടന്‍ പൊലീസ് വാഹനത്തില്‍ തന്നെ പരീക്ഷ കേന്ദ്രത്തിലെത്തിച്ചപ്പോഴേക്കും പരീക്ഷ സമയം കഴിഞ്ഞതോടെ അരുണിന്‍റെ അവസരം നഷ്ടമാവുകയായിരുന്നു.
അരുണിന്‍റെ പരാതിയില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിനെ ഡിസിപി സസ്പെന്‍റ് ചെയ്തു. വകുപ്പ് തല അന്വേഷണവും തുടങ്ങി. ഇതുസംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. ഫറോക് അസിസ്റ്റന്‍റ് കമ്മീഷണറോട് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷറോട് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഇത്തരമൊരു സാഹചര്യം ഇനിയൊരു ഉദ്യോഗാർത്ഥിക്കും ഉണ്ടാകരുതെന്നും തനിക്ക് നഷ്ടപ്പെട്ട അവസരം ലഭ്യമാക്കണമെന്നും അരുൺ ആവശ്യപ്പെടുന്നു. പിഎസ്‍സിയുടെ പ്രിലിമിനറി പരീക്ഷ പല സെക്ഷനുകളിൽ നടക്കുന്നതിനാൽ തനിയ്ക്ക് ഇനിയും അവസരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഇതിനായി അപേക്ഷ നൽകുമെന്നും അരുൺ പറഞ്ഞു.