പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി
കോഴിക്കോട് മെഡിക്കൽ കോളേജിലെ വനിതാ ഹോസ്റ്റലിലെ സമയക്രമത്തിൽ നിയന്ത്രണം പാടില്ലെന്ന് വനിതാ കമ്മീഷൻ. ലിംഗ ഭേദമന്യേ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ നിയമം ബാധകമാക്കണം. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി കോഴിക്കോട്ട് പറഞ്ഞു.
പെൺകുട്ടികൾക്ക് മാത്രമായി നിയന്ത്രണങ്ങൾ വേണ്ടെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. രാത്രി ഒമ്പതരയ്ക്കുശേഷം വിദ്യാർത്ഥിനികൾ ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ധ്യക്ഷ.
അതേസമയം, ഹോസ്റ്റൽ വിലക്കിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതിയും രൂക്ഷമായി വിമർശിച്ചു. സുരക്ഷയുടെ പേരിൽ വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റലിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേരുന്നതല്ലെന്നും ആണധികാര വ്യവസ്ഥയുടെ ഭാഗമാണിതെന്നുമായിരുന്നു ഹൈക്കോടതിയുടെ വിമർശനം. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികൾ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം.
സുരക്ഷയുടെ പേരിൽ അനാവശ്യ നിയന്ത്രണങ്ങൾ പാടില്ലെന്നും ലിംഗ വിവേചനം അരുതെന്നും യു ജി സിയുടെ നിർദ്ദേശങ്ങളുണ്ട്. എന്നിട്ടും വിദ്യാർത്ഥിനികൾക്ക് വിലക്ക് ഏർപ്പെടുത്തിയത് എന്തിനെന്ന് അറിയിക്കാൻ സിംഗിൾബെഞ്ച് സർക്കാരിനോടു നിർദ്ദേശിച്ചു. സംസ്ഥാന വനിത കമ്മിഷന് അഭിപ്രായം അറിയിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.