പൊതുജനങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാവുന്ന ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിക്കും
ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമായ നിയന്ത്രണ സംവിധാനം സ്ഥാപിക്കും
നഗരത്തിലും മറ്റ് തിരക്കേറിയ തെരുവുകളിലും കവലകളിലും റോഡു മുറിച്ചു കടക്കുമ്പോള്‍ ഉണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും ഫലവത്തായ കണ്‍ട്രോള്‍ സംവിധാനം രൂപകല്‍പന ചെയ്യാന്‍ റോഡ് സുരക്ഷ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കല്കടര്‍ സീറാം സാംബശിവ രാവുവിന്റെ അധ്യക്ഷതയില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൊതുജനങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാവുന്ന സ്വിച്ചുകളോടു കൂടിയ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിക്കുന്ന കാര്യം ആലോചിക്കും. വടകര, കൊയിലാണ്ടി, പേരാമ്പ്ര മുതലായ സ്ഥലങ്ങളിലെ തിരക്കുള്ള കവലകളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം സ്ഥാപിക്കും.
മണ്‍സൂണ്‍ ആരംഭിച്ചതോടെ നാഷണല്‍ ഹൈവേ, മറ്റ് റോഡുകള്‍ എന്നിവയില്‍ ധാരാള കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. വാഹനയാത്രക്കാരുടെയും പൊതുജനങ്ങളുടെയും ജീവനു തന്നെ അപകടകരമായ ഇത്തരം റോഡുകള്‍ എത്രയും പെട്ടെന്ന് തന്നെ പുനര്‍നിര്‍മ്മാണം ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡ് മുറിച്ചു കടക്കുന്ന കുന്ദമംഗലം ബസ് സ്റ്റാന്റില്‍ ഫുട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കും. സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവക്ക് സമീപമുള്ള റോഡുകളില്‍ സീബ്ര വരകള്‍, മുന്നറിയിപ്പ് ചിഹ്നങ്ങള്‍, റോഡ് മാര്‍ക്കിംഗ് എന്നിവ മാഞ്ഞു പോയത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ഇവ പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊതു നിരത്തുകള്‍ ഉപയോഗിക്കുമ്പോള്‍ ഗതാഗത നിയമങ്ങളും മര്യാദകളും പാലിച്ചുകൊണ്ട് വാഹനമോടിക്കുന്ന ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത യോഗം ചര്‍ച്ച ചെയ്തു. റോഡ് നിയമങ്ങളെപ്പറ്റി ജനങ്ങളുടെയും, സര്‍ക്കാര്‍, ഡ്രൈവര്‍മാര്‍, സ്‌കൂള്‍ ബസ്, സ്വകാര്യ ബസ് ഡ്രൈവര്‍മാരെയും ബോധവല്‍ക്കരിക്കണം. ഇതിനായി എകദിന പരിശീലനവും സാമൂഹ്യ മാധ്യമങ്ങള്‍ വഴി ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
നഗരത്തില്‍ വാഹനങ്ങള്‍ നിര്‍ത്താനുള്ള സൗകര്യങ്ങള്‍ ഓര്‍പ്പെടുത്താന്‍ ലഭ്യമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പെ ആന്റ് പാര്‍ക്കിംഗ് സംവിധാനം ഡിസൈന്‍ ചെയ്യാനും സ്ഥലമുടമകള്‍ക്ക് ലൈസന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് ബീച്ചിലും കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ അനുയോജ്യമായ നടപടികള്‍ കൈകൊള്ളും. മെഡിക്കല്‍ കോളേജ് വരെ സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷന് സമീപം അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വിഷയം വിശദമായി പഠിച്ച് പരിഹാരം കാണും.
യോഗത്തില്‍ സബ്കലക്ടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍, കോഴിക്കോട് ട്രാഫിക് നോര്‍ത്ത് എ.സി.പി പി.കെ രാജു, കോഴിക്കോട് ട്രാഫിക് സൗത്ത് എ.സി.പി പി. ബിജുരാജ്, റോഡ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ സിന്ധു, എന്‍ എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ്, എന്‍ എച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ എ.സി ദിവാകരന്‍, അഡീഷണല്‍ കോപ്പറേഷന്‍ സെക്രട്ടറി ഡി സാജു, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ് ബിസിനി, ആര്‍.ടി .ഒ എ കെ ശശികുമാര്‍, എന്‍.ഐ.ടി പ്രൊഫസര്‍ ആജ്ഞനേയലു, ഊരാളുങ്കള്‍ സൊസൈറ്റി പ്രതിനിധി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.