KERALAMAIN HEADLINES

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന് ഇനി സ്ഥാപനത്തിന്റെ മികവ് മാനദണ്ഡമാക്കാന്‍ തീരുമാനം

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളത്തിന് ഇനി സ്ഥാപനത്തിന്റെ മികവ് മാനദണ്ഡമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. റിയാബ് മുന്‍ ചെയര്‍മാന്‍ എന്‍ ശശിധരന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം.

പ്രവര്‍ത്തന മികവ് വിലയിരുത്തി വജ്രം, സ്വര്‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ സ്ഥാപനങ്ങളെ തരംതിരിക്കാന്‍ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തു. ഈ പദവിയുടെ അടിസ്ഥാനത്തിലാകും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ വേതന ഘടന ഏകീകരിക്കുക.

ഒരേ പദവിയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വേതനത്തിന് സമാന രൂപമുണ്ടാകും. എന്നാൽ കെ എസ് ആര്‍ ടി സി, ജല അതോറിറ്റി, കെ എസ് ഇ ബി എന്നീ സ്ഥാപനങ്ങള്‍ ഇതില്‍പ്പെടില്ല. ഇവയിലെ ജീവനക്കാരുടെ ശമ്പളഘടന ഏകീകരിക്കുന്നതിനുള്ള ശുപാര്‍ശ നാലു മാസത്തിനകം സമിതി പ്രത്യേകം സമര്‍പ്പിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍  ഉല്‍പാദനം, അടിസ്ഥാന വികസനം, ധനകാര്യം, സര്‍വീസസ്/ ട്രേഡിങ്/കണ്‍സല്‍ട്ടന്‍സി, കൃഷി, തോട്ടം, മൃഗപരിപാലനം, ട്രേഡിങ് ആന്‍ഡ് വെല്‍ഫെയര്‍ എന്നിങ്ങനെ ആറു വിഭാഗമായി തിരിക്കും. സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവ് വിലയിരുത്തുക. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്‌കോര്‍ പുനഃപരിശോധിക്കും.

വളര്‍ച്ചയില്ലാത്തവയുടെ പദവി താഴ്ത്തുന്നതിനും വ്യവസ്ഥകളുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ ധനകാര്യ സ്റ്റേറ്റ്മെന്റ് നല്‍കാത്ത സ്ഥാപനങ്ങളെയും തരം താഴ്ത്തും. ലാഭത്തിലാകാന്‍ ലക്ഷ്യമിട്ട് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കാനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button