പൊതു ഇടത്തെ മാലിന്യസംഭരണ കേന്ദ്രമാക്കാൻ അനുവദിക്കില്ല: വി കെ സജീവൻ
അരിക്കുളം പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള പൊതു ഇടം മാലിന്യസംഭരണ കേന്ദ്രമാക്കാൻ അനുവദിക്കില്ലെന്ന് ബി ജെ പി ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ. പൊതു ഇട സംരക്ഷണത്തിനായി അരിക്കുളത്തുകാർ നടത്തുന്ന രാപ്പകൽ ഇരിപ്പു സമരപ്പന്തലിൽ എത്തിയതായിരുന്നു അദ്ദേഹം.
ഇവിടെയുള്ള കളിക്കളത്തിൽ കളിച്ചും വ്യായാമ മുറകളിലേർപ്പെട്ടും കരസേനയിൽ ജോലി ലഭിച്ചവർ നിരവധിയാണ്. അരിക്കുളത്തുകാർക്ക് ഒത്തുകൂടാൻ മറ്റൊരു സ്ഥലമില്ലെന്നിരിക്കെ അധികാരമുപയോഗിച്ച് സമരത്തെ അടിച്ചമർത്താമെന്ന് കരുതേണ്ട. സമരക്കാർക്ക് എല്ലാവിധ പിൻതുണയും ബി ജെ പി നൽകും.
സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിരവധി പേരാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഐക്യദാർഢ്യവുമായി എത്തുന്നത്. ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട് സുരേഷ് കണ്ടോത്ത്, സംസ്ഥാന കൗൺസിൽ അംഗവും പ്രഭാരിയുമായ നാരായണൻ മാസ്റ്റർ, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഷിജി ദിനേശ് എന്നിവരും ജില്ലാ പ്രസിഡണ്ടിനൊപ്പം സമരവേദിയിലെത്തിയിരുന്നു.