പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ പത്താംതരം, ഹയർ സെക്കണ്ടറി തുല്യതാ രജിസ്ട്രേഷൻ തുടങ്ങി
കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം, ഹയർ സെക്കണ്ടറി തുല്യതാ കോഴ്സുകളിൽ രജിസ്ട്രേഷൻ തുടങ്ങി. ക്യാമ്പെയ്നിൻ്റെ ജില്ലാതല ഉദ്ഘാടനം പഠിതാവ് സരിതയ്ക്ക് രജിസ്ട്രേഷൻ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി നിർവ്വഹിച്ചു. ഏഴാം തരം വിജയിച്ചവർക്കും എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠനം അവസാനിച്ചവർക്കും പരാജയപ്പെട്ടവർക്കും പത്താം തരം തുല്യതയ്ക്ക് രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 100 രൂപ, കോഴ്സ് ഫീസ് 1750 രൂപ. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്.
തെരഞ്ഞെടുത്ത പഠനകേന്ദ്രങ്ങളിൽ ഞായർ, രണ്ടാം ശനി, പൊതു അവധി ദിനങ്ങളിലാണ് ക്ലാസ്സ്. ഉയർന്ന പ്രായപരിധിയില്ല. കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡപ്രകാരം ഓൺലൈൻ ക്ലാസ്സും സംഘടിപ്പിക്കും.പത്താം തരം ജയിച്ചവർക്കും പ്രീഡിഗ്രി/ ഹയർ സെക്കണ്ടറി പരാജയപ്പെട്ടവർക്കും പ്ലസ് ടു തുല്യതാ കോഴ്സിൽ ചേരാം. 22 വയസ്സ് പൂർത്തീകരിച്ചിരിക്കണം. പത്താം തരം തുല്യതാ പരീക്ഷ ജയിച്ചവർക്ക് 18 വയസ്സ് മുതൽ പ്രവേശനം ലഭിക്കും. രജിസ്ട്രേഷൻ ഫീസ് 300 രൂപ, കോഴ്സ് ഫീസ് 2200 രൂപ. ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. അവസാന തീയതി ഫെബ്രുവരി 28.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റ ചേംബറിൽ നടന്ന ചടങ്ങിൽ സ്ഥിരം സമിതി ചെയർമാൻ പി.സുരേന്ദ്രൻ, കൂടത്താങ്കടി സുരേഷ്, സി.എം.ബാബു, ഇ.ശശീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, സാക്ഷരതാ മിഷൻ ജില്ലാ കോഡിനേറ്റർ പി.പ്രശാന്ത് കുമാർ, അസി. കോഡിനേറ്റർ പി.വി.ശാസ്തപ്രസാദ്, തുല്യത അധ്യാപിക സബിന, വി.എം.ബാലചന്ദ്രൻ, ഷെമിത കുമാരി തുടങ്ങിയവർ പങ്കെടുത്തു.
തുല്യത രജിസ്ട്രേഷന് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസിലോ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ സാക്ഷരതാ മിഷൻ വിദ്യാ കേന്ദ്രങ്ങളിലോ ബന്ധപ്പെടുക. ഫോൺ: 0495 2370053