പൊതു സ്വകാര്യ സ്ഥാപനങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രവും ശിശുപരിപാലന കേന്ദ്രവും ഉറപ്പാക്കാന്‍ സര്‍വേ
50ലധികം ജീവനക്കാര്‍ ജോലിചെയ്യുന്ന മെറ്റേണിറ്റി ബെനിഫിറ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന തൊഴിലിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം, ശിശുപരിപാലന കേന്ദ്രം എന്നിവ നിലവിലുണ്ടോ എന്ന് കണ്ടെത്തുന്നതിന് വനിത ശിശുവികസന വകുപ്പ് സര്‍വേ നടത്തുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ഈ സൌകര്യം ഇല്ലാത്തയിടങ്ങളില്‍ മുലയൂട്ടല്‍ കേന്ദ്രം അടക്കമുള്ള ശിശുപരിപാലന കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്തമാണ് എന്നു സ്ഥാപന മേധാവിയെ ബോധ്യപ്പെടുത്തും. അവ ലഭ്യമാകേണ്ടത് ജീവനക്കാരുടെ അവകാശമാണ്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വകുപ്പിന്റെ ജില്ലാ, ബ്ലോക്ക്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ച ലോക മുലയൂട്ടല്‍ വാരാചരണം, ഗവ. സെക്രട്ടറിയേറ്റിലെ നവീകരിച്ച മോഡല്‍ ക്രഷ്, പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റ് കോംപ്ലെക്‌സില്‍ സജ്ജീകരിച്ചിട്ടുള്ള ക്രഷ് എന്നിവയുട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ജി. പ്രിയങ്ക അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടേറിയേറ്റ് വിമന്‍സ് വെല്‍ഫയര്‍ സൊസൈറ്റി & റിക്രിയേഷന്‍ ക്ലബ് ജനറല്‍ സെക്രട്ടറി രാജി ആര്‍. പിള്ള, പ്രസിഡന്റ് ബി. സജി, ട്രഷറര്‍ എല്‍. അശോക കുമാരി, എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ എ. ഭുവനേശ്വരി, ആര്‍ട്ട്‌കോ ചെയര്‍മാന്‍ വി.എസ്. അനൂപ്, വനിത ശിശുവികസന വകുപ്പ് അഡീ. ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു.