KOYILANDILOCAL NEWS

പൊന്തക്കാടും റെയിൽപ്പാതയും കടന്ന് വിദ്യാർഥിനികൾ

കൊയിലാണ്ടി: ചീറിപ്പാഞ്ഞുവരുന്ന തീവണ്ടികൾ, റെയിൽപ്പാതയോരത്ത് ഒരാൾപൊക്കത്തിൽ ഉയർന്ന് പന്തലിച്ചുനിൽക്കുന്ന പൊന്തക്കാടുകൾ, ഇഴജന്തുക്കളുടെയും തെരുവുപട്ടികളുടെയും ശല്യം വേറെ… പഠനനിലവാരത്തിൽ എന്നും ഉന്നതിയിൽ നിൽക്കുന്ന കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെത്തണമെങ്കിൽ ഏറെ കഷ്ടതകൾ അനുഭവിക്കണം.

 

രണ്ടായിരത്തഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന ഗേൾസ് എച്ച്.എസ്.എസിൽ ഭൂരിഭാഗം കുട്ടികളും എത്തുന്നത് റെയിൽപ്പാത മുറിച്ചുകടന്നാണ്. രാവിലെയും വൈകീട്ടും അധ്യാപകർ കാവൽനിന്നാണ് കുട്ടികളെ സുരക്ഷിതമായി റെയിൽപ്പാത മുറിച്ചുകടത്തുന്നത്. ദിവസവും അധ്യാപകർക്ക് പ്രത്യേക ചുമതല നൽകിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രധാനാധ്യാപകൻ ജി.കെ. വേണു പറഞ്ഞു. വൈദ്യുതി എഞ്ചിൻ ഘടിപ്പിച്ച വണ്ടികൾ അടുത്തെത്തിയാൽമാത്രമേ അറിയുകയുള്ളൂ. ഇത്രയും കാലത്തിനിടയിൽ ഒരുകുട്ടിക്കുപോലും അപകടമുണ്ടായിട്ടില്ലെന്ന് അധ്യാപകരും രക്ഷിതാക്കളും ആശ്വസിക്കുന്നു.

 

സ്കൂളിൽനിന്ന് കഷ്ടിച്ച് 50 മീറ്റർമാത്രമാണ് റെയിൽ പാതയോരത്തേക്കുള്ളത്. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനുസമീപം ബസിറങ്ങിയും റെയിൽപ്പാതയോരത്തുകൂടി നടന്നും വരുന്ന കുട്ടികൾക്ക് സ്കൂളിലെത്തണമെങ്കിൽ പാളം മുറിച്ചുകടക്കണം. ഇവിടെ ഒരു അടിപ്പാതയോ ഫൂട്ട് ഓവർ ബ്രിഡ്‌ജോ ഗെയിറ്റോ നിർമിക്കണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായി. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേമന്ത്രിയായിരിക്കെ 2500 കുട്ടികളെക്കൊണ്ട് ഹിന്ദിയിൽ പേരെഴുതി ഒപ്പിട്ട് നിവേദനം നൽകിയിരുന്നു. തുടർന്നിങ്ങോട്ട് ഒട്ടനവധി നിവേദനങ്ങൾ കേന്ദ്രമന്ത്രിമാർക്കും എം.പി.മാർക്കും എം.എൽ.എ.മാർക്കും നൽകി. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർക്കും കത്തുനൽകി. ഒരു ഫലവും ഇതുവരെ ഉണ്ടായില്ല.

 

കെ. മുരളീധരൻ എം.പി. മുഖാന്തരം വീണ്ടും റെയിൽവേമന്ത്രിക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ. റെയിൽപ്പാതയുടെ ഇരുവശത്തുമുള്ള പൊന്തക്കാടുകൾ നിറഞ്ഞ ഒറ്റവരി ചെമ്മൺപ്പാതയിലൂടെയാണ് കുട്ടികൾ ഏറെയും സ്കൂളിലെത്തുന്നത്. പലപ്പോഴും ഇഴജന്തുക്കൾ കാൽനടപ്പാതയിൽ കുറുകെ കിടക്കുന്നുണ്ടാവും. അറിയാതെ ചവിട്ടിപോയാൽ കടിയേൽക്കും. തെരുവുപട്ടികളുടെയും കേന്ദ്രമാണിവിടെ. കുറ്റിക്കാടുകൾ വെട്ടിമാറ്റാൻ നഗരസഭയോ റെയിൽവേ അധികൃതരോ തയ്യാറാകുന്നില്ല. കൊയിലാണ്ടി റെയിൽവേസ്റ്റേഷന് വടക്കുഭാഗത്ത് കാൽനടയാത്രക്കാർക്ക് പോകാൻ കഴിയുന്ന പാകത്തിൽ മുമ്പൊരു അടിപ്പാതയുണ്ടായിരുന്നു. എന്നാൽ, ഇപ്പോഴത് മണ്ണുമൂടി ഉപയോഗശൂന്യമായ നിലയിലാണ്. മുമ്പൊക്കെ പന്തലായനി നിവാസികളും ഗേൾസ് സ്കൂൾ വിദ്യാർഥികളും റെയിൽപ്പാത മുറിച്ചുകടന്നത് ഈ അടിപ്പാതവഴിയായിരുന്നു. അഞ്ചുമുതൽ പ്ലസ്ടുവരെയുള്ള ക്ലാസുകൾക്കുപുറമേ പ്രീ പ്രൈമറി ക്ലാസുകളും ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button