CALICUTDISTRICT NEWS
പ്രളയം മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം നൽകി
കോഴിക്കോട് : ജില്ലയിൽ പ്രളയത്തിൽ മരിച്ച 17 പേരുടെയും കുടുംബത്തിന് ധനസഹായം നൽകിയതായി ജില്ലാ വികസന സമിതി അറിയിച്ചു. ഓണത്തിന് മുമ്പുതന്നെ തുക പൂർണമായും കൈമാറി.
ക്യാമ്പുകളിൽ കഴിഞ്ഞവർക്കുള്ള 10000 രൂപയ്ക്ക് കോഴിക്കോട് താലൂക്കിൽ 15151 പേരും കൊയിലാണ്ടിയിൽ 2239 പേരും വടകരയിൽ 2268 ഉം താമരശേരിയിൽ 638 പേരുമാണ് അർഹരായിട്ടുള്ളത്. മഴയിൽ നശിച്ച വീടുകളുടെ സർവേ അന്തിമഘട്ടത്തിലാണെന്ന് ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകും. കൃഷിക്കാരുടെ നഷ്ടം നിർണയിക്കുന്നതിൽ ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ യോഗത്തിൽ പറഞ്ഞു. താമരശേരി ചുരം റോഡിന്റെ സംരക്ഷണത്തിനായി വേഗത്തിൽ നടപടികളെടുക്കണമെന്ന് നിർദേശം നൽകി.
വിവിധ വകുപ്പുകൾ പിടിച്ചിട്ട വാഹനങ്ങൾ ലേലം ചെയ്തു മാറ്റാനുള്ള നടപടി ഉടൻ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിലവിൽ സിറ്റി പൊലീസ് 2753 വാഹനങ്ങളും എക്‌സൈസ് 484, ഗതാഗതവകുപ്പ് 38, റവന്യൂ 11, വനം വകുപ്പ് 11 വാഹനങ്ങളുമാണ് പിടിച്ചിട്ടത്.
കലക്ടർ എസ് സാംബശിവ റാവു അധ്യക്ഷനായി. എംഎൽഎമാരായ പി ടി എ റഹിം, പുരുഷൻ കടലുണ്ടി, സി കെ നാണു, കാരാട്ട് റസാഖ്, പാറക്കൽ അബ്ദുള്ള, ഇ കെ വിജയൻ, ജോർജ് എം തോമസ്, സബ് കലക്ടർ വിഘ്‌നേശ്വരി, പ്ലാനിങ് ഓഫീസർ എം പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.
Comments