പ്രളയദുരിത ബാധിതരുടെ കെയര്‍ഗ്രേസ് പദ്ധിതിക്ക് തുടക്കമായി
സഹകരണ വകുപ്പിന്റെ കെയര്‍ ഗ്രേസ് പദ്ധതിയുടെ ഭാഗമായുള്ള മെഡിക്കല്‍ ക്യാമ്പ് കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് നടപ്പിലാക്കുന്നതാണ് കെയര്‍ ഹോം പദ്ധതി. ഇതിന്റെ ഭാഗമായി ജില്ലയില്‍ 44 കുടുംബങ്ങള്‍ക്ക് സഹകരണ സ്ഥാപനങ്ങള്‍ ഇതിനകം വീട് വെച്ച് നല്‍കിയിട്ടുണ്ട്. ഈ വീടുകളില്‍ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയാണ് കെയര്‍ ഗ്രേസ്. ജില്ലയിലെ സഹകരണ ആശുപത്രികളാണ് ഈ ചുമതല ഏറ്റെടുക്കുന്നത്.
കൊയിലാണ്ടി സഹകരണ ആശുപത്രിയുടെ പരിധിയിലുള്ള കുടുംബങ്ങളുടെ ആരോഗ്യ പരിശോധനാ ക്യാമ്പാണ് സഹകരണ ആശുപത്രിയില്‍ ഉദഘാടനം ചെയ്തത്. ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗനിര്‍ണ്ണയം നടത്തി ആവശ്യമായ മരുന്നുകളും ചികിത്സയും ലഭ്യമാക്കും. വിദഗ്ധ ചികിത്സക്ക് ഉയര്‍ന്ന ആശുപത്രികളെ സമീപിക്കേണ്ടതുണ്ടങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഒരുക്കും.
സഹകരണ ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി ഭരണ സമിതിയുടെ പ്രസിഡണ്ട് പി.വിശ്വന്‍ അദ്ധ്യക്ഷനായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.സത്യന്‍ മുഖ്യപ്രഭാഷണം നടത്തി. സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.ഐ ഗീത ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു. സഹ: അസിസ്റ്റന്റ് ഡയരക്ടര്‍ ടി. ഗണേശന്‍, ഡോ: പി.രവീന്ദ്രന്‍, കെ.കെ.മുഹമ്മദ്, ബിനീഷ് മൂടാടി എന്നിവര്‍ സംസാരിച്ചു. ആശുപത്രി വൈസ് പ്രസിഡണ്ട് സി.കുഞ്ഞമ്മദ് സ്വാഗതവും സെക്രട്ടറി യു മധുസൂദനന്‍ നന്ദിയും പറഞ്ഞു.