Uncategorized

പ്രളയാനന്തര പുനര്‍നിര്‍മാണം: ഉയർത്തണം കേരളത്തിന്റെ വായ്പാ പരിധി

പ്രളയാനന്തര പുനർനിർമാണം, ദേശീയപാതാ വികസനം, പൊതുമേഖലയോടും കാർഷിക മേഖലയോടുമുളള സമീപനം, തൊഴിലില്ലായ്മാ പരിഹാരം തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് കേരളത്തിന് കേന്ദ്ര ബജറ്റിന്റെ പിന്തുണ പ്രധാനമായും വേണ്ടത്. ഇക്കാര്യങ്ങളിലെല്ലാം നമ്മുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിനെ ധരിപ്പിച്ചിട്ടുണ്ട്. കമ്പോളത്തിലും റിയൽ എസ്റ്റേറ്റ് മേഖലയിലുമൊക്കെ ഒരു നിശ്ചലാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതൊക്കെ പരിഹരിക്കണമെങ്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്. അർഹമായ സഹായം നമുക്കു ലഭ്യമാകണം.

 

പ്രളയാനന്തര പുനര്‍നിര്‍മാണത്തിന്റെ കാര്യത്തിൽ, മൂന്നില്‍നിന്നു നാലര ശതമാനമായി വായ്പാ പരിധി ഉയര്‍ത്തണമെന്നാണ് കേരളം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ ഇതുവരെ കേന്ദ്രം പുലർത്തുന്നത് നിഷേധാത്മക നിലപാടാണ്. അതിനു പുറമേ, ഈ വര്‍ഷം വായ്പയെടുക്കാന്‍ അനുവദിച്ചിരുന്ന 6000 കോടി രൂപ കൂടി വെട്ടിക്കുറച്ചു. അങ്ങനെ വായ്പാപരിധി ഫലത്തില്‍ രണ്ടര ശതമാനമായി. അടിയന്തരമായി തിരുത്തേണ്ട പ്രശ്നമാണിത്.
പ്രളയാനന്തര പുനർനിർമാണം ഏറ്റവും നിർണായകമാണ്. ഇതിനായി വിദേശത്തുനിന്നെടുക്കുന്ന വായ്പയെങ്കിലും അധിക വായ്പയായി കേന്ദ്രം അംഗീകരിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ നമുക്കനുവദിച്ചിട്ടുള്ള വായ്പയില്‍തന്നെ ഇത് ഉള്‍ക്കൊള്ളിച്ചാല്‍ വലിയ തിരിച്ചടിയാകില്ല. പ്രളയം പോലുള്ള വിപത്തുണ്ടായാല്‍ സംസ്ഥാന പുനര്‍നിര്‍മാണത്തിന് അധിക വായ്പ നല്‍കണമെന്നത് ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളൊക്കെ അംഗീകരിച്ചിട്ടുള്ളതാണ്. മുന്‍ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ഇത് ഏതാണ്ട് സമ്മതിച്ചതാണ്. എന്നാല്‍ ബജറ്റിന് വേണ്ടി ധനമന്ത്രിമാരുമായി നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര ധനമന്ത്രിയില്‍ നിന്ന് അനുകൂല സമീപനമല്ല ഉണ്ടായത്. ഇത് എത്രമാത്രം സമ്പദ്ഘടനക്ക് ഉത്തേജകമാകുമെന്നതാണ് സാമ്പത്തിക നയവുമായി ബന്ധപ്പെടുത്തി ബജറ്റിനെ വിലയിരുത്തുമ്പോള്‍ ഏറ്റവും ആകാംക്ഷാപൂര്‍വം ഉറ്റുനോക്കുന്നത്.
കാര്‍ഷിക മേഖലയോട് രണ്ടാം മോദി സർക്കാരിന്റെ സമീപനം എന്തായിരിക്കും? രാജ്യമാകെ ഉറ്റുനോക്കുന്ന പ്രശ്നമാണിത്. കടം എഴുതി തള്ളാന്‍ തയാറാണോ? താങ്ങുവില ഉയര്‍ത്തുമോ? കൂടുതല്‍ വായ്പ കാര്‍ഷിക മേഖലയ്ക്കു ലഭ്യമാക്കാന്‍ തയാറാകുമോ? ഇതെല്ലാം രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും ആവശ്യങ്ങളാണ്. അതോ, പ്രതിവര്‍ഷം 6000 രൂപ കര്‍ഷകര്‍ക്ക് നല്‍കുന്നതുകൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിപ്പിക്കാനാണോ നീക്കമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വിറ്റഴിക്കലാകും നാം ഈ ബജറ്റില്‍ കാണാന്‍ പോകുന്നത്. അതിനുവേണ്ടിയുള്ള തയാറെടുപ്പിലാണ് കേന്ദ്രം. ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ളതെല്ലാം ഇനി തൂക്കിവിറ്റാല്‍ മതിയെന്ന അവസ്ഥയിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന ഏതാണ്ട് ഉറപ്പിക്കാന്‍ പറ്റുന്ന സമീപനമാണ്.
രാജ്യത്ത് റെക്കോര്‍ഡ് നിലവാരത്തിലാണ് തൊഴിലില്ലായ്മ. എന്നാൽ കേന്ദ്രസർക്കാർ ഇത് അംഗീകരിക്കുന്നില്ല. രാജ്യത്ത് ഇപ്പോള്‍ തൊഴിലില്ലായ്മയൊന്നുമില്ല എന്ന് സമാധാനിക്കുകയാണവർ. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങളെല്ലാം നോട്ട് നിരോധനത്തിന്റെ ഫലമായി തകര്‍ച്ചയിലായതോടെയാണ് പ്രശ്നം ഇത്രമേൽ രൂക്ഷമായത്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ബജറ്റിൽ എന്തുണ്ടാകും?
കേരളത്തെ സംബന്ധിച്ചിടത്തോളം ദേശീയപാതാ വികസനത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ തയ്യാറാകുമോ? എഫ്എസിടിയുടെ 500 ഏക്കര്‍ ഭൂമി വില നല്‍കി വാങ്ങാന്‍ സര്‍ക്കാര്‍ ചോദിച്ചിരുന്നു. ആ പണം എഫ്എസിടിയുടെ വികസനത്തിന് ഉപയോഗപ്പെടുത്തണമെന്നത് മാത്രമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥ. ഇത്തരം സമീപനം കൈക്കൊള്ളുമോ? തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ബജറ്റിൽ എന്തെങ്കിലും പ്രഖ്യാപനമുണ്ടാകുമോ?
കേരളത്തിലെ കേന്ദ്ര പൊതുമേഖലാ വ്യവസായങ്ങളുടെ ഭാവി, കേരളത്തിലെ എയിംസ് തുടങ്ങി എത്രയോ കാലമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളുണ്ട്. അവയോടൊക്കെ ബജറ്റിന്റെ പരിഗണനയെന്തായിരിക്കുമെന്ന് കേരളം ആകാംക്ഷാപൂർവം കാത്തിരിക്കുന്നുണ്ട്. മുന്‍വിധിയോടുകൂടി കേന്ദ്രബജറ്റിനെ സമീപിക്കുന്നില്ല. കാത്തിരുന്ന് കാണാം.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button