MAIN HEADLINES
പ്രളയ സെസ് ഇന്നു മുതൽ പ്രാബല്യത്തിൽ; വില വർധന നിലവിൽ വന്നു
സംസ്ഥാനത്തു പ്രളയ സെസ് ഇന്നു മുതൽ പ്രാബല്യത്തിലായതോടെ 928 ഉത്പന്നങ്ങൾക്ക് ഇന്നു മുതൽ ഒരു ശതമാനം വില കൂടും. അഞ്ചു ശതമാനത്തിനു മുകളിൽ ചരക്കുസേവന നികുതി ഈടാക്കുന്നവയ്ക്കാണു വില ഉയർന്നത്. സ്വർണം ഒഴികെ അഞ്ചു ശതമാനമോ അതിൽ താഴെയോ നികുതിയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും വില വർധനയില്ല.
12, 18, 28 ശതമാനം ജിഎസ്ടി നിരക്കു ബാധകമായവയുടെയെല്ലാം വില ഉയരും. ഇതേ സ്ലാബിൽ നികുതി നിരക്കുള്ള 100 രൂപയുടെ ഒരു സാധനത്തിനു സെസ് നിലവിൽ വന്നതോടെ ഇന്നു മുതൽ ഒരു രൂപ വീതം ഉയരും. എന്നാൽ, നിത്യോപയോഗ സാധനങ്ങളായ അരി, പാൽ, പഞ്ചസാര, ശർക്കര, ഇറച്ചി, പച്ചക്കറി, പഴം എന്നിവയ്ക്കൊന്നും വില വർധന ബാധകമാകില്ല. എന്നാൽ, 1,000 രൂപയ്ക്കു മുകളിലുള്ള തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ, ഐസ്ക്രീം, ചോക്ക്ലേറ്റ്, കണ്ടന്സ്ഡ് മിൽക്ക് തുടങ്ങിയവയുടെ വില ഉയരും.
ഇന്നു മുതൽ രണ്ട് വർഷത്തേക്കാണു സെസ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമാണത്തിനു പണം കണ്ടെത്തുന്നതിനായാണു ചരക്ക് സേവന നികുതിക്കൊപ്പം ഒരു ശതമാനം സെസ് ഏർപ്പെടുത്തിയത്. കോമ്പോസിഷൻ രീതി തെരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെ സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണം, എസി ട്രെയിൻ, ബസ് ടിക്കറ്റ് ബുക്കിംഗ് എന്നിവയ്ക്കു സെസ് ഉണ്ടാകില്ല.
ഒരു വിഭാഗം അവശ്യവസ്തുക്കൾ ഒഴികെയുള്ള എല്ലാ ഉപയോഗ വസ്തുക്കൾക്കും നിർമാണ സാമഗ്രികൾക്കും ഒരു ശതമാനം വില കൂടും. ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, വാഹനങ്ങൾ തുടങ്ങിയവയ്ക്കും ഒരു ശതമാനം വില വർധിക്കും. ചരക്ക് സേവന നികുതി നിയമത്തിലെ അഞ്ചാം പട്ടികയിൽ ഉൾപ്പെടുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുപയോഗിച്ചുള്ള ആഭരണങ്ങൾക്കു കാൽ ശതമാനമാണു പ്രളയ സെസ്. ചരക്കുസേവന നികുതി ചേർക്കാത്ത മൂല്യത്തിൻ മേലാണു പ്രളയ സെസ് ഈടാക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്കുകളുടെയും സേവനങ്ങളുടെയും അവസാന വിതരണ ഘട്ടത്തിൽ മാത്രമാണു പ്രളയ സെസ് ഈടാക്കുക. പ്രളയ പുനർനിർമാണത്തിനായി 600 കോടി രൂപ കണ്ടെത്തുകയാണ് പ്രളയ സെസ് കൊണ്ട് ലക്ഷ്യമിടുന്നത്.
Comments