KERALA
പ്രവാസിക്ക് സംരംഭം തുടങ്ങാൻ ലൈസന്‍സ് നിഷേധിച്ച് കോഴഞ്ചേരി പഞ്ചായത്ത്
പ്രവാസിക്ക് സംരംഭം തുടങ്ങാൻ ലൈസന്‍സ് നിഷേധിച്ച് പത്തനംതിട്ടയിലെ കോഴഞ്ചേരി പഞ്ചായത്ത്. ജില്ല വ്യവസായ കേന്ദ്രം ഏക ജാലകം വഴി അനുമതി നൽകിയ ചെറുകിട വ്യവസായത്തിനാണ് പഞ്ചായത്ത് ലൈസന്‍സ് നല്‍കാന്‍ വിസമ്മതിച്ചത്. എൽ ഡി ഫ് ഭരിക്കുന്ന പഞ്ചായത്തിനു പിന്നാലെ രണ്ടര വര്‍ഷം നടന്ന റാന്നി സ്വദേശി ജയൻ വർഗ്ഗീസ് ഒടുവില്‍ പദ്ധതി ഉപേക്ഷിച്ചു. ചക്കിലാട്ടിയ വെളിച്ചെണ്ണയും ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലും തുടങ്ങാനായിരുന്നു ജയൻ വർഗ്ഗീസിന്‍റെ പദ്ധതി. ഇതിനു വേണ്ടി കോഴഞ്ചേരി ജംഗ്ഷനില്‍ സ്വന്തമായി കെട്ടിടം വാങ്ങി. പഞ്ചായത്ത് സെക്രട്ടറിയുടെ വാക്കാലുള്ള ഉറപ്പിൻമേൽ 2018 ഏപ്രിലില്‍ സംരംഭം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
25 ലക്ഷം രൂപയ്ക്ക് യന്ത്രസാമഗ്രികള്‍ വാങ്ങി സ്ഥാപിക്കുകയും ചെയ്തു. ഇതിനു ശേഷം വിനിയോഗ രേഖയ്ക്കും ഡി ആന്‍റ് ഒ ലൈന്‍സിനും പഞ്ചായത്തില്‍ അപേക്ഷ നല്‍കി. എന്നാല്‍ ഇതു നല്‍കാന്‍ പഞ്ചായത്ത് തയാറായില്ല. സ്ഥാപനത്തിനു റോഡില്‍ നിന്ന് മൂന്നു മീറ്റര്‍ ദൂരമില്ലെന്ന കാരണത്താലാണ് ലൈസന്‍സ് നിഷേിധിച്ചത്. 1990 ൽ നിർമ്മിച്ച കെട്ടിടത്തിന് 1994 ലെ നിയമം അനുസരിച്ചുള്ള ദൂരം റോഡില്‍ നിന്നില്ലെന്നു പറഞ്ഞാണ് ലൈസന്‍സ് നിഷേധിച്ചത്. ഇതിനിടെ രണ്ടരലക്ഷം രൂപ നല്‍കിയാല്‍ വിനിയോഗരേഖയും ലൈസന്‍സും ശരിയാക്കാമെന്ന വാഗ്ദാനവുമായി ഇടനിലക്കാര്‍ ജയനെ സമീപിച്ചിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്തിന്‍റെ വിശദീകണം. പഞ്ചായത്തിന് പിറകെ രണ്ടര വർഷം നടന്ന ശേഷം സംരംഭം ഉപേക്ഷിച്ച് ജയന്‍ യന്ത്രങ്ങള്‍ അഴിച്ചുമാറ്റി സ്വദേശമായ റാന്നിയിലേക്ക് മടങ്ങി. സംരഭം ആരംഭിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം കെട്ടിടത്തിന് പഞ്ചായത്തിന്‍റെ കോമേഴ്ഷ്യൽ ഒക്യുപെൻസി സർട്ടിഫിക്കേറ്റ് ലഭിക്കണമെന്ന ആഗ്രഹത്തിലാണ് ജയനും കുടുംബവും.
Comments