പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്
കോഴിക്കോട് മെഡിക്കൽ പ്രസവശാസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിന വീണ്ടും സമരത്തിലേക്ക്. വരുന്ന 13ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുമെന്ന് ഹർഷിന അറിയിച്ചു.
നിയമസഭാ സമ്മേളനത്തിന് മുമ്പ് നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്ന് ഹർഷിന പറഞ്ഞു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹർഷിനയുടെ ആവശ്യം. ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത പൊലീസ് നടപടിക്ക് പിന്നാലെ 104 ദിവസം നീണ്ട സമരം കഴിഞ്ഞ ദിവസമാണ് ഹർഷിന അവസാനിപ്പിച്ചത്.
പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന് പറ്റിയ കൈപ്പിഴയില്‍ നീതി തേടിയാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ആരോഗ്യ വകുപ്പിന്‍റെ നടപടികളില്‍ അതൃപ്തിയുണ്ടെങ്കിലും പൊലീസ് അന്വേഷണത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സമരം അവസാനിപ്പിക്കാന്‍ ഹര്‍ഷിന തീരുമാനിച്ചത്.നഷ്ടപപരിഹാരം നല്‍കുന്ന കാര്യത്തില്‍ ആരോഗ്യ വകുപ്പ് അനുകൂല തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടിയൊന്നും സ്വീകരിക്കാതെ വന്നതോടെയാണ് ഹര്‍ഷിന വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്. നഷ്ടപരിഹാരം നൽകണം ഇല്ലെങ്കിൽ 13ന് സമരം തുടങ്ങുമെന്നാണ് നിലപാട്.