DISTRICT NEWS

പ്രസ്ഥാനത്തെ ഒറ്റുകൊടുത്തയാളാണ് കെ കെ രമ; അതിന് രമക്ക് ലഭിച്ച പാരിതോഷികമാണ് എം എൽ എ സ്ഥാനം: എളമരം കരീം എം പി

കോഴിക്കോട്: കെ കെ രമ എം എൽ എക്കെതിരെ അധിക്ഷേപവുമായി സി പി ഐ (എം) നേതാവ് എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം എല്‍ എ സ്ഥാനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. വടകര ഒഞ്ചിയത്ത് നടന്ന സി എച്ച് അശോകന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കെ കെ രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം എല്‍ എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറഞ്ഞു. “വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍, റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി ? ഒരു എം എല്‍ എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം എല്‍ എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം. ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം എൽ എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,” എളമരം കരീം സൂചിപ്പിച്ചു.

ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശങ്ങളൊക്കെ. ടി പി ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പ്രസംഗത്തില്‍ പരാമർശങ്ങളുണ്ട്. സി പി ഐ എം ആരോപിക്കുന്നത് പോലെ, ടി പി വധത്തിന് ശേഷം പാര്‍ട്ടി നേതാക്കളെ കേസില്‍ ‘കുടുക്കാന്‍’ വേണ്ടി ആർ എം പി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പ്രസംഗം. ഈ പ്രസംഗത്തിനെതിരെ കെ കെ രമ എം എൽ എ യും രംഗത്ത് വന്നിട്ടുണ്ട്.

നിയമസഭയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും താന്‍ ഉയര്‍ത്തിയ കടുത്ത നിലപാടുകളാകാം ഒരിടവേളക്ക് ശേഷം ഇത്തരം വിമര്‍ശനം തനിക്കെതിരെ ഉയരാന്‍ കാരണം എന്നാണ് മനസിലാക്കുന്നതെന്ന് കെ കെ. രമ പ്രതികരിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് വടകര മണ്ഡലത്തില്‍ നിന്ന് ആര്‍ എം പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കെ കെ രമ വിജയിച്ചത്. യു ഡി എഫ് പിന്തുണയോടെയായിരുന്നു ഇത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒമ്പതാം പ്രതിയായിരുന്നയാളാണ് സി എച്ച് അശോകന്‍. സി പി ഐഎമ്മിന്റെ ഏരിയാ കമ്മിറ്റി സെക്രട്ടറിയും എന്‍ ജി ഒ യൂണിയന്റ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button