പ്രായപരിധി കുറച്ചു. ഇനി 40 വയസ് മുതലുള്ളവർക്ക് വാക്സിൻ ലഭിക്കും
കോവിഡ് പ്രതിരോധ വാക്സിൻ എടുക്കുന്നതിന് ഇനി 40 വയസ് മുതലുള്ളവർക്കും ഓൺലൈൻ റജിസ്ത്ര് ചെയ്യാം. അവസരം ലഭിക്കുന്നതനുസരിച്ച് കുത്തിവെപ്പിന് എത്താം. 40 മുതൽ 44 വയസുവരെയുള്ള എല്ലാവര്‍ക്കും മുന്‍ഗണനാ ക്രമം ഇല്ലാതെ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 01.01.2022ന് 40 വയസ് തികയുന്നവര്‍ക്കും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മുന്‍ഗണനാ പട്ടികയിൽ ഇല്ലാതെ തന്നെ വാക്സിനേഷന്‍ ലഭിക്കും.
നേരത്തെ ഈ സൌകര്യം 45 വയസിന് മുകളിലുള്ളവർക്ക് മാത്രമായിരുന്നു. അല്ലാത്തവർക്ക് വാക്സിൻ ലഭിക്കണമെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക രോഗപീഡയാൽ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടണമായിരുന്നു.
ഇതോടെ 40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാവും. അതേസമയം 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്ക് മുന്‍ഗണനാ ക്രമത്തിലുള്ള വാക്സിനേഷന്‍ തുടരുന്നതാണ്. 45 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് തുടരുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
40 മുതല്‍പ്രായമുള്ളവര്‍ വാക്സിന്‍ ലഭിക്കുന്നതിനായി കോവിന്‍ പോര്‍ട്ടലില്‍ (https://www.cowin.gov.in/) രജിസ്റ്റര്‍ ചെയ്ത ശേഷം ഓണ്‍ലൈനായി അപ്പോയ്മെന്റ് എടുക്കേണ്ടതാണ്. ഈ വിഭാഗത്തിന് സ്പോട്ട് രജിസ്ട്രേഷന്‍ അനുവദിക്കില്ല. വാക്സിന്റെ ലഭ്യതയ്ക്കനുസരിച്ച് ആവശ്യമുള്ളത്ര വാക്സിനേഷന്‍ സ്ലോട്ടുകള്‍ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു.
വാക്സിനേഷൻ അവസരം ലഭിക്കാൻ ഓൺലൈനായി പേരുവിവരങ്ങൾ റജിസ്ത്ര് ചെയ്യണം. ഇതിനു ശേഷം ലഭ്യമായ കേന്ദ്രത്തിനും തീയതിക്കും മുകളിൽ ക്ലിക്ക് ചെയ്ത് സ്വന്തം കുത്തിവെപ്പ് അവസരം ബുക്ക് ചെയ്യണം. ഇത് സാധാരണക്കാരനെ സംബന്ധിച്ച് ഇപ്പോഴും വെല്ലുവിളി നിറഞ്ഞ കാര്യമായി തന്നെ തുടരുകയാണ്. ഹൈസ്പീഡ് ഇൻ്റർനെറ്റ് കണക്ഷനും വാക്സിൻ സ്ലോട്ട് ലഭ്യമാവുന്ന സമയത്തെ കുറിച്ചുള്ള അറിവും ഉണ്ടായിരിക്കണം. സക്കൻ്റുകളുടെ വ്യത്യാസത്തിലാണ് ഓരോ ആശുപത്രിക്കും അനുവദിച്ച സ്ലോട്ടുകൾ തീരുന്നത്.
പലരും പ്രത്യേകം ആപ്പുകൾ ഉപയോഗിച്ചാണ് ബുക്ക് നേടുന്നത്. ഇതിന് സാങ്കേതിക ജ്ഞാനവും ആവശ്യമുണ്ട്.