പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പട്ടികജാതി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചാലിയം അരയൻവളപ്പിൽ എ.വി. മുഹമ്മദ് ഫിറാദ് (22), പ്രായപൂർത്തിയാകാത്ത ചാലിയം സ്വദേശി എന്നിവരെയാണ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്തത്. കേസിൽ ഒരാൾകൂടി പിടിയിലാകാനുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ചെറുവണ്ണൂർ കൊളത്തറയിലുള്ള 16 വയസ്സുകാരിയെ സ്കൂട്ടറിൽ കയറ്റി ചുറ്റിക്കറങ്ങുകയും പിറ്റേദിവസം ഒന്നാം പ്രതി മൂന്നാം പ്രതിയുടെ ബൈക്കിൽ കയറ്റി ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ടുപോയി ബിയർ ആണെന്നു പറഞ്ഞു മറ്റു മദ്യം നൽകി രണ്ടുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
പെൺകുട്ടിയെ ചിൽഡ്രൻസ് ഹോമിൽ പ്രവേശിപ്പിച്ച് കൗൺസലിങ് നടത്തിയതോടെയാണ് കേസിനു വഴിത്തിരിവായത്. അന്വേഷണത്തിന് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ്, എസ്.ഐ പി. മുരളി, എ.എസ്.ഐ വി. അരുൺ എന്നിവരാണ് നേതൃത്വം നൽകിയത്.