പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറുപ്രതികൾ കുറ്റക്കാർ, അഞ്ചുപേരെ വെറുതെവിട്ടു
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാംപ്രതി സജലുൾപ്പെടെ ആറുപ്രതികൾ കുറ്റക്കാർ. അഞ്ചുപേരെ വെറുതെവിട്ടു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചി എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്കരാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ആദ്യം കേരളാ പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് ആദ്യഘട്ടം വിധിപറഞ്ഞു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
രണ്ടാംഘട്ടത്തിൽ മുഖ്യപ്രതി എം കെ നാസർ ഉൾപ്പെടെയുള്ളവരുടെ വിചാരണയാണ് പൂർത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 31 പേരിൽ 13 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 18 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. അധ്യാപകന്റെ കൈവെട്ടിയെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന പ്രധാനപ്രതി അശമന്നൂർ സവാദ് ഇപ്പോഴും ഒളിവിലാണ്. നാസർ, സജൽ, അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നിവരാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിട്ടത്.