പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തിയ്യതി തന്നെ തുടങ്ങും
ജൂലൈ ഒന്നിന് ശേഷം മലബാറിലെ സീറ്റ് കുറവ് പരിഹരിക്കാൻ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ ക്ലാസുകൾ അഞ്ചാം തിയ്യതി തുടങ്ങും.
ആദ്യ രണ്ട് അലോട്ട്മെന്റുകളിൽ സീറ്റ് നേടിയ കുട്ടികളെ ഉൾപ്പെടുത്തിയായിരിക്കും ക്ലാസ് ആരംഭിക്കുക. രണ്ടാഴ്ച കൊണ്ട് മുഴുവൻ ആശങ്കകളും പരിഹരിക്കും. ഗവ. അധ്യാപകർക്ക് സ്വകാര്യ ട്യൂഷൻ എടുക്കുന്നതിന് കർശന വിലക്ക് ഉണ്ടാവും. വിജിലൻസ് പരിശോധന അടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
അതേ സമയം പ്ലസ് വൺ ഇംപ്രൂവ്മെന്റിൽ ആശങ്ക വേണ്ടെന്നും കഴിഞ്ഞ വർഷത്തേത് പോലെ പരീക്ഷ നടത്തുമെന്നും മന്ത്രി വിശദീകരിച്ചു.
ഈ വർഷം പ്ലസ് ടു വാർഷിക പരീക്ഷക്കൊപ്പം മാർച്ചിൽ പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്താനായിരുന്നു മുൻ തീരുമാനം. ഇതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാറ്റം. സാധാരണ ജുലൈ, ആഗസ്റ്റ് മാസങ്ങളിലായിരുന്നു പ്ലസ് വൺ ഇംപ്രൂവ്മെൻറ് പരീക്ഷ നടത്തിയിരുന്നത്. മാറ്റം സംബന്ധിച്ച് ഉടൻ ഹയർസെക്കണ്ടറി വകുപ്പ് വിജ്ഞാപനം ഇറക്കും.