പ്ലസ് വൺ പ്രവേശനം; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്ക സംവരണ സീറ്റുകളിലേക്ക് പ്രവേശനത്തിന് വിദ്യാർത്ഥികളെത്തിയില്ല
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ, മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാർക്ക് എർപ്പെടുത്തിയ സംവരണ ക്വോട്ടയിൽ പ്രവേശനത്തിന് വിദ്യാർത്ഥികളെത്താതെ ഒഴിഞ്ഞു കിടക്കുന്നു. മുന്നാക്കക്കാരിലെ ദരിദ്രർക്കായി നീക്കി വെച്ച 18,449 സീറ്റുകളിൽ ഇതുവരെ പ്രവേശനത്തിനെത്തിയത് 9,017 പേർ മാത്രമാണ്. പകുതിയിലധികം വരുന്ന 9,432 സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്.
ആഗസ്ത് 17 ന് രണ്ടാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായതിനെത്തുടർന്നുള്ള കണക്കാണിത്. മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം സീറ്റുകൾ ഒഴിവുള്ളത്. ഇവിടെ 2,896 ഒഴിവുകളുണ്ട്. കണ്ണൂരിൽ 1,425. പാലക്കാട് 1,117. കോഴിക്കോട് 927 എന്നിങ്ങനെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. സമുദായ ക്വോട്ടയിലും ജനറൽ ക്വോട്ടയിലും ഇപ്പോഴും പ്രവേശനം ലഭിക്കാതെ ധാരാളം പേർ കാത്തുനിൽക്കുന്ന അവസരത്തിലാണിത് എന്നോർക്കണം. ഈ മാസം 22 ന് മൂന്നാം ഘട്ട അലോട്ട്മെന്റ് നടക്കുമ്പോൾ ഈ സീറ്റുകളത്രയും ജനറൽ ക്വോട്ടയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
സ്പോർട്ട്സ്, സമുദായ ക്വോട്ടയിലുള്ള സംവരണ സീറ്റുകളിലാകെ രണ്ടാംഘട്ട അലോട്ട്മെന്റോടെ പ്രവേശനം പൂർത്തിയാക്കി. 24 ന് മുഴുവൻ പ്രവേശന നടപടികളും പൂർത്തിയാക്കി 25 ന് തന്നെ ക്ലാസ് ആരംഭിക്കാനാണ് ഹയർ സെക്കണ്ടറി ഡയരക്ടറേറ്റിന്റെ തീരുമാനം. ഏതെങ്കിലും കാരണവശാൽ അപേക്ഷിക്കാൻ കഴിയാതെ വന്നവർക്കും അപേക്ഷയിലെ പിഴവുകൾ മൂലം പ്രവേശനം തടയപ്പെട്ടവർക്കും അപേക്ഷിക്കാനും പിഴവുകൾ തീർക്കാനും തുടർന്ന് അവസരമുണ്ടാകും.
മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കക്കാർക്ക് സംവരണമേർപ്പെടുത്തുന്നത് ഫലത്തിൽ സംവരണത്തെ തന്നെ അട്ടിമറിക്കുന്ന നടപടിയാണെന്നും സാമ്പത്തിക സംവരണം എന്നത് സംവരണ തത്വങ്ങൾക്കെതിരാണെന്നുമുള്ള ശക്തമായ വിമർശനം സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരുന്നു. ഫലത്തിൽ അത് ശരിയാണ് എന്ന് തെളിയിക്കുന്നതാണ് മുന്നാക്ക സംവരണ സീറ്റുകളിലേക്ക് പ്രവേശനം നേടാൻ വിദ്യാർത്ഥികൾ എത്താതിരിക്കുന്നതിൽ നിന്ന് വ്യക്തമാകുന്നത്. പ്രവേശനം പൂർത്തിയായാലും സമുദായ ക്വോട്ടയിലും ജനറൽ ക്വോട്ടയിലും മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിക്കാനിടയില്ല. കേന്ദ്ര ബി ജെ പി സർക്കാർ സവർണ്ണ താല്പര്യം പരിഗണിച്ച് മുന്നാക്ക സംവരണ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പുതന്നെ ഒരിടതുപക്ഷ സർക്കാർ മുന്നാക്ക സംവരണ നടപടികൾ സ്വീകരിച്ചത്, വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.