LOCAL NEWS

പ്ലാറ്റ്‌ഫോം മേൽക്കൂരയുടെ നീളക്കുറവ് കാരണം കൊയിലാണ്ടിയിൽ യാത്രക്കാർക്ക് ദുരിതം

കൊയിലാണ്ടി : പ്ലാറ്റ്‌ഫോം മേൽക്കൂരയുടെ നീളക്കുറവ് കാരണം കൊയിലാണ്ടിയിൽ യാത്രക്കാർക്ക് ദുരിതം. മിക്ക വണ്ടികളുടെയും മുന്നിലെയും പിന്നിലെയും കംപാർട്ടുമെന്റുകൾ നിർത്തുന്നത് പ്ളാറ്റ്‌ഫോമിന് മേൽക്കൂരയില്ലാത്ത സ്ഥലത്തായത് കാരണം മഴയത്തും വെയിലത്തും വണ്ടിയിൽ കയറാനും ഇറങ്ങാനും വലിയ പ്രയാസമാണ്.

ഷൊർണൂർ ഭാഗത്തേക്കുള്ള വണ്ടികൾ നിർത്തുന്ന രണ്ടാം പ്ളാറ്റ്ഫോമിൽ മിക്കവണ്ടികളുടെയും ആദ്യ ഏഴ് കംപാർട്ടുമെന്റുകൾവരെ മേൽക്കൂരയ്ക്ക് വെളിയിലാണ് വന്നുനിൽക്കുക. വണ്ടിയുടെ പിറകിലത്തെ കംപാർട്ടുമെന്റുകൾ നിൽക്കുന്നതും മേൽക്കൂരയില്ലാത്തിടത്ത്. ഇവിടെ ആവശ്യത്തിന് ഇരിപ്പിടങ്ങൾപോലുമില്ല. ഉള്ള ഇരിപ്പിടങ്ങളിൽ മഴപെയ്താൽ വെള്ളം കെട്ടിനിൽക്കും.മേൽക്കൂരയില്ലാത്തത് കാരണം ചരക്കിറക്കാനും പ്രയാസമാണ്. മഴക്കാലത്ത് മഴനനഞ്ഞാണ് ചുമട്ടുതൊഴിലാളികൾ ചരക്കിറക്കുക. രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപം റെയിൽവേക്കാവശ്യമായ മെറ്റൽ ഇറക്കുമ്പോൾ വലിയതോതിലുള്ള പൊടിശല്യവും യാത്രക്കാരും റെയിൽവേ ജീവനക്കാരും അനുഭവിക്കണം. 
കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്റെ ഒരു പിറ്റ് സ്റ്റേഷനായി കൊയിലാണ്ടിയെ രൂപപ്പെടുത്തിയാൽ വണ്ടികൾ നിർത്താനുള്ള സൗകര്യം ലഭിക്കും. കണ്ണൂർ-എറണാകുളം, മംഗളൂരു-കോയമ്പത്തൂർ ഇൻർസിറ്റി എക്സ്‌പ്രസ്, , മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എക്സ്‌പ്രസ് തുടങ്ങിയ വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കുകകൂടി ചെയ്താൽ കൊയിലാണ്ടി സ്റ്റേഷൻ വികസനത്തിന് വേഗമേറും. ഇതോടൊപ്പം മുഴുവൻസമയം ടിക്കറ്റ് റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തണം.

വടക്കെ ഇന്ത്യയിലേക്കുള്ള കൂടുതൽ വണ്ടികൾ ഇവിടെ നിർത്തിയാൽ ഗുജറാത്തുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജോലി ആവശ്യാർഥം പോകുന്ന ഒട്ടെറെപ്പേർക്ക് അത് പ്രയോജനപ്പെടും. ഗുജറാത്തിൽ ടയർമേഖലയിൽ പണിയെടുക്കുന്ന ഏറെപ്പേരും കൊയിലാണ്ടി ഭാഗത്തുള്ളവരാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button