KERALA
പൗരത്വ നിയമം റദ്ദാക്കുംവരെ വിശ്രമമില്ല: പിണറായി വിജയൻ
തിരുവനന്തപുരം > ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദാക്കുംവരെ വിശ്രമമില്ലെന്നും ശക്തമായ പ്രക്ഷോഭം തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . മനുഷ്യമഹാശൃംഖലയിൽ പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം കുടുംബസമേതം കണ്ണിചേർന്നശേഷം പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി . പൗരത്വ ഭേദഗതി നിയമമോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് . ഈ പറയുന്നതൊന്നും നടപ്പാക്കുന്ന നാടല്ല കേരളം .
മതം നോക്കി പൗരത്വം നിർണയിക്കുന്ന ഈ കാടൻ നിയമത്തിന് ലോകമാകെ എതിരാണ് . ഭരണാധികാരികൾ ഇന്ത്യയിലേക്കുള്ള സന്ദർശനം റദ്ദാക്കി . ഐക്യരാഷ്ട്ര സഭപോലും വിയോജിപ്പ് രേഖപ്പെടുത്തി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർഥികൾ , യുവജനങ്ങൾ , പണ്ഡിതർ , എല്ലാവരും തെരുവിലിറങ്ങി . കാലാസഹാത്യ രംഗത്തുള്ളവർ തങ്ങളുടെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തി . ചലച്ചിത്രലോകത്തും വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവന്നു . സാധാരണഗതിയിൽ പൊതുവെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാത്ത സെലിബ്രേറ്റികൾപോലും നിയമത്തിനെതിരെ രംഗത്തുവന്നു . പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ അതിനെതിരെ പ്രതിഷേധവുമായി നമ്മുടെ നാട് ഒന്നിച്ചണിനിരക്കുകയായിരുന്നു . കേരളത്തിലെ വിവിധ ജില്ലകളെടുത്ത് പരിശോധിച്ചാൽ ദശ ലക്ഷങ്ങളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള വിവിധ പ്രക്ഷോഭങ്ങളിൽ പങ്കാളികളായത് . ഇത് അഭിമാനകരമാണ് . സമാധാനപരമായി കടുത്ത പ്രതിഷേധമാണ് കേരളം പ്രകടിപ്പിച്ചത് . അനിഷ്ട സംഭവങ്ങളൊന്നുമില്ലാതെയുള്ള കടുത്ത പ്രതിഷേധം കേരള തനിമയുടേതുകൂടിയാണ് . ജാതി ഭേദവും മതേദ്വേഷവും ഇല്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന നാടിന് ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന അനീതി അംഗീകരിക്കാൻ കഴിയില്ല .
ഈ പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉയർന്നുനിക്കുന്നതാണ് മനുഷ്യമഹാശൃംഖല . ഭൂരിഭാഗം സ്ഥലത്തും ശൃംഖല മതിലായി മാറി . എൽഡിഎഫ് ആഹ്വാനം ചെയ്‌തതാണെങ്കിലും മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂർണമനസോടെ ഒഴുകിയെത്തുകയായിരുന്നു . കേരളത്തിന്റെ മഹാ പ്രതിഷേധത്തിൽ ജനസഹസ്രങ്ങളാണ് കണ്ണിചേർന്നത് . നമുക്ക് വിശ്രമിക്കാൻ പറ്റില്ല . നാടിന്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്താാനും മതനിരപേക്ഷത തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ പേരാട്ടം ശക്തമായി തുടരണം . ഭരണഘടനയുടെ എല്ലാ മൂല്യങ്ങളും സംരക്ഷിക്കാൻ ഭരണഘടനാ ആമുഖ്യത്തിൽ പറയുന്നതുപോലെ അതിനായി സ്വയം സമർപ്പിക്കാം . എല്ലാവരും സന്നദ്ധരാകുക– – മുഖ്യമന്ത്രി പറഞ്ഞു .
Comments