KERALA
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം; എംകെ മുനീറും പികെ ഫിറോസും കസ്റ്റഡിയിൽ
പൗരത്വ നിയമ ഭേദഗതിക്കെതിരെ കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിൽ എംകെ മുനീർ എംഎൽഎ പൊലീസ് കസ്റ്റഡിയിലായി. പ്രതിഷേധം ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
പുലർച്ചെ ഏഴു മണി മുതൽ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട്ടെ ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം തുടങ്ങിയിരുന്നു. 10 മണിയോടെയാണ് മുനീർ പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയത്. ഉദ്ഘാടനത്തിനു പിന്നാലെ പ്രവർത്തകർ പോസ്റ്റ് ഓഫിസ് വളപ്പിൽ കയറാൻ ശ്രമം നടത്തിയതോടെ സംഘർഷമുണ്ടായി.
പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം സ്ഥലത്ത് സമ്മേളിച്ചിരുന്നു. പോസ്റ്റ് ഓഫിസ് വളപ്പിൽ കയറാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ മുനീറും ഫിറോസും അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടെ പൊലീസ് വാഹനം പ്രതിഷേധക്കാർ തടഞ്ഞുവെങ്കിലും പൊലീസ് സംയമനം പാലിച്ചതോടെ സംഘർഷത്തിന് അയവുണ്ടാവുകയായിരുന്നു.
ഇതിനിടെ, എം പിമാരായ കെ.സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ നാല് ലീഗ് എംഎൽഎമാർ മംഗളുരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എംഎൽഎ മാരായ എം സി ഖമറുദ്ദീൻ, എൻ എ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, ഷംസുദ്ദീൻ തുടങ്ങിയവരാണ് എം പിമാരോടൊപ്പം സംഘത്തിലുള്ളത്.
വെടിവയ്പ് നടന്ന പ്രദേശങ്ങൾ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ തുടങ്ങി മലയാളികൾ ഒറ്റപ്പെട്ട് പോയ പ്രദേശങ്ങൾ ഉൾപ്പെടെ സന്ദർശിക്കാനാണ് യുഡിഎഫ് നേതാക്കളുടെ തീരുമാനം.
Comments