ഫോൺ ചോർത്തൽ. സുപ്രീം കോടതിയിൽ ഹരജി
പെഗാസസ് വിവദാത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് . മാധ്യമ പ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍ എന്നിവർ സുപ്രീം കോടതിയെ സമീപിച്ചു. പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തിലാണ് ഹർജി . സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
മാധ്യമപ്രവർത്തകനും ദ് ഹിന്ദു മുൻ എഡിറ്ററുമാണ് എൻ റാം. ഏഷ്യൻ കോളേജ് ഓഫ് ജേണലിസത്തിന്‍റെ സ്ഥാപകനും ഏഷ്യാവിൽ എഡിറ്ററുമാണ് ശശികുമാർ. കേസിൽ പശ്ചിമബംഗാൾ മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോകുറിന്‍റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരുടെ ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്. പൗരന്‍റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. ഇത്തരം നടപടികളിലൂടെ ഇന്ത്യയുടെ നിയമസംവിധാനം അപ്പാടെ അട്ടിമറിയ്ക്കപ്പെട്ടതെങ്ങനെ എന്നതും അന്വേഷണവിധേയമാകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ 10 ദിവസമായി ലോകത്തെ 17 മീഡിയ ഗ്രൂപ്പുകൾ ചേർന്ന് ദ പെഗാസസ് പ്രോജക്ട് എന്ന പേരിൽ വിവിധ ലോകരാജ്യങ്ങളിലെ സമുന്നത നേതാക്കളോ, പ്രധാനപ്പെട്ട വ്യക്തികളോ, മാധ്യമപ്രവർത്തകരോ അടക്കമുള്ളവരുടെ ഫോണുകൾ പെഗാസസ് എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വിവിധ ഭരണകൂടങ്ങൾ ചോർത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവിടുന്നുണ്ട്. ഇസ്രായേൽ ചാരസംഘടനയായ എൻ. എസ്. ഒ നിർമിച്ചതാണ് പെഗാസസ് എന്ന സോഫ്റ്റ്‍വെയർ. ഇത് പക്ഷേ, ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്നും, അംഗീകൃത സർക്കാരുകൾക്ക് മാത്രമേ ഇത് വിൽക്കാറുള്ളൂ എന്നുമാണ് എൻഎസ്ഒ വിശദീകരിച്ചിട്ടുള്ളത്.