KERALAUncategorized
ബഷീർ ഏത‌് കാലത്തും വായനക്കാരനെ പ്രചോദിപ്പിക്കുന്ന എഴുത്തുകാരൻ: എം മുകുന്ദൻ
കോഴിക്കോട‌്> ഏത‌് കാലത്തും വായനക്കാരനെ വായിക്കാൻ പ്രചോദിപ്പിച്ച എഴുത്തുകാരനായിരുന്നു ബഷീർ എന്ന‌് എം മുകുന്ദൻ അഭിപ്രായപ്പെട്ടു. കേരള ഭാഷാ ഇൻസ‌്റ്റിറ്റ്യൂട്ട‌് കോഴിക്കോട‌് പ്രാദേശിക കേന്ദ്രം മീഞ്ചന്ത ആർട‌്സ‌് ആൻഡ‌് സയൻസ‌് കോളേജിൽ സംഘടിപ്പിച്ച ബഷീർ അനുസ‌്മരണം ഉദ‌്ഘാടനംചെയ്യുകയായിരുന്നു മുകുന്ദൻ.
ബഷീറിലേക്ക‌് നിരവധി വഴികളുണ്ട‌്. ബഷീറിൽ ഇല്ലാത്തത് ഒന്നുമില്ല. എനിക്കിപ്പോഴും പൂർണമായും ബഷീറിനെ മനസ്സിലായിട്ടില്ല. ഞാനിപ്പോഴും ബഷീറിനെ അന്വേഷിക്കുകയാണ‌്. എഴുത്തുകാരന‌് രണ്ട‌് ജീവിതങ്ങളുണ്ട‌്. എഴുത്തുകാരന്റെ ജീവിതവും സ്വന്തം ജീവിതവും. ഇത‌് രണ്ടും സമ്മേളിച്ചതായിരുന്നു ബഷീറിന്റെ ജീവിതം. ബഷീർ അരിവാളുപയോഗിച്ച‌് മീൻമുറിക്കുന്ന ഫോട്ടോയുണ്ട‌്. മറ്റൊരു എഴുത്തുകാരനും ഇത്തരത്തിലൊരു ജോലിചെയ്യാനോ അത‌് ഫോട്ടോയാക്കി മാറ്റാനോ നിൽക്കില്ല.
പുതിയ കാലത്ത‌് കോർപറേറ്റുകൾ പുസ‌്തകശാലകളെ ഇല്ലാതാക്കുകയാണ‌്. ഇമേജുകളുടെ ഈ കാലത്ത‌് ഒന്നും എഴുതാതെ തന്നെ നിങ്ങളെ എഴുത്തുകാരനാക്കാൻ കോർപറേറ്റുകൾക്ക‌് സാധിക്കും. എത്രയോ എഴുത്തുകാരും അത്രതന്നെ വായനക്കാരുണ്ടായിട്ടും ലോകോത്തര സൃഷ്ടികൾ ഉണ്ടാകുന്നില്ല എന്നതാണ‌് കേരളം നേരിടുന്ന വെല്ലുവിളി.
ചടങ്ങിൽ ആഷാമേനോൻ പ്രഭാഷണം നടത്തി. ഭാഷാ ഇൻസ‌്റ്റിറ്റ്യൂട്ട‌് അസി. ഡയറക്ടർ എൻ ജയകൃഷ‌്ണൻ ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എസ‌് ജയശ്രീ അധ്യക്ഷയായി. മലയാള വിഭാഗം മേധാവി പി കെ രവി സ്വാഗതവും എം സി അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.
Comments