ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു
ബാലുശ്ശേരി: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്കൂൾ കാന്റീനിലെത്തിയ യുവാവ് ആക്രമിച്ചതായി പരാതി. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കൈപ്പുറത്ത് രാജേന്ദ്രന്റെ മകനുമായ അമൽ രാജിനെയാണ് (14) തിങ്കളാഴ്ച രാവിലെ ഇന്റർവെൽ സമയത്ത് സ്കൂൾ കാന്റീൻ പരിസരത്ത് ആക്രമിച്ചത്.
കാന്റീനിൽ മിഠായി വാങ്ങാനെത്തിയ അമൽരാജിനെ കടയിലെ കാഷ് ബോക്സ് തട്ടിയിട്ടെന്ന് പറഞ്ഞ് പുറത്തുനിന്നും കാന്റീനിലെത്തിയ സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗമായ കോക്കല്ലൂർ തുളിശ്ശേരി സജി എന്ന യുവാവ് കഴുത്തിന് പിടിച്ച് ആക്രമിച്ചതായാണ് പരാതി.
സംഭവത്തിനുശേഷം വൈകീട്ട് വീട്ടിലെത്തിയ അമൽരാജിന് ഭക്ഷണം കഴിക്കാനാകാത്തതിനെ തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് ആക്രമണവിവരം അറിയുന്നത്.
വിദ്യാർത്ഥി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് . സംഭവത്തിൽ പ്രതിയായ സജിക്കെതിരെ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകിയെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.