ബി ജെ പി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കുന്ന ജനതാദൾ (എസ്) മായി സഹകരിക്കുന്നത് ആത്മഹത്യാപരം; ശങ്കരൻ മാസ്റ്റർ.
കൊയിലാണ്ടി: ബിജെപി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച ജനതാദൾ (എസ് ) ൽ ലയിക്കാനുള്ള നീക്കം എൽ ജെ ഡി ഉപേക്ഷിക്കണമെന്ന് മുതിർന്ന സോഷ്യലിസ്റ്റും എൽ ജെ ഡി മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ കെ ശങ്കരൻ മാസ്റ്റർ ഒരു പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
ഗോത്ര വർഗ്ഗ വിഭാഗത്തിൽപ്പെട്ട ഒരു വനിത ഇന്ത്യയുടെ രാഷ്ട്രപതിയാവുമെങ്കിൽ അത് ആഹ്ലാദകരം ആണെങ്കിലും ഈ വനിതയെ രാഷ്ട്രപതി ആക്കാൻ ശ്രമിക്കുന്നത് സംഘപരിവാർ ശക്തികൾ ആണ്. ഇത് ദുർബല പിന്നോക്ക ജനവിഭാഗത്തെ കബളിപ്പിച്ചു കൂടെ നിർത്തുക എന്ന ഗൂഡതന്ത്രത്തിന്റെ ഭാഗമാണ്. “അമ്പലപ്പുഴ പാൽപ്പായസം” സ്വർണ കോളാമ്പിയിലാണ് വിളമ്പിയതെങ്കിലും കുടിക്കാൻ വയ്യെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ നിലയിൽ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷം കേവല ഭൂരിപക്ഷത്തിന് ആവശ്യമെന്ന് കണ്ട് മോദി വിളിച്ചാൽ ജനതാദൾ എസിൻ്റെ നിലപാട് എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ . രാഷ്ട്രീയ തീരുമാനങ്ങൾ ഭാഗ്യപരീക്ഷണ വേദികളാക്കി ജനങ്ങളെ വഞ്ചിക്കുന്ന ഒരു സമീപനം സ്വീകരിക്കാൻ വയ്യെന്നും അത്തരം നിലപാടുമായി ഒത്തുപോകാനാവില്ലന്നും ശങ്കരൻ മാസ്റ്റർ വ്യക്തമാക്കി. വർഗീയ ഫാസിസ്റ്റ് ശക്തികളോട് കൃത്യമായ അകലം പാലിക്കുന്ന കേരളത്തിലെ സോഷ്യലിസ്റ്റുകൾ, ജനതാദൾ (എസ് )സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ ജെ ഡി സംസ്ഥാന വൈസ് പ്രസിഡൻറായിരുന്ന കെ ശങ്കരൻ മാസ്റ്റർ കെ റെയിൽ പദ്ധതിയോട് പാർട്ടി നിലപാട് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് തൽസ്ഥാനം രാജിവെച്ചിരുന്നു. എൽ ജെ ഡി- ജെ.ഡി.എസ് ലയനം എല്ലാവരും അംഗീകരിച്ചിരുന്നെങ്കിലും എൻ ഡി എയുടെ പ്രസിഡണ്ട് സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെ പിന്തുണക്കാൻ ജെ ഡി എസ് തീരുമാനിച്ചതോടെയാണ് അഭിപ്രായ വ്യത്യാസം ഉയർന്നത്. ഇത് ലയനത്തെ എങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്ന് വരും ദിവസങ്ങളിൽ വെളിവാകും.