ബൈപ്പാസ് നിര്‍മ്മാണം: മുത്താമ്പി റോഡിലെ അടിപ്പാതയ്ക്ക് ഉയരക്കുറവെന്ന് ആക്ഷേപം
കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡില്‍ നിര്‍മ്മിക്കുന്ന അടിപ്പാതയ്ക്ക് ഉയരക്കുറവെന്ന് ആക്ഷേപം. സാധാരണ ഗതിയില്‍ പ്രധാന റോഡുകള്‍ മുറിച്ചു കടക്കുന്നിടത്ത് അഞ്ചര മുതല്‍ ആറ് മീറ്ററെങ്കിലും ഉയരം വേണം. കൊയിലാണ്ടി മുത്താമ്പി-അരിക്കുളം-പേരാമ്പ്ര റോഡ് ജില്ലയിലെ ഏറ്റവും തിരക്കേറിയതും സംസ്ഥാന പാത പോലെ തന്നെ പ്രധാനപ്പെട്ടതുമാണ്. ഇവിടെ മണമല്‍ ഭാഗത്താണ് ബൈപ്പാസ് നിര്‍മ്മാണത്തോടനുബന്ധിച്ച് അണ്ടര്‍പാസ് നിര്‍മ്മിക്കുന്നത്. ബൈപ്പാസിന് ഉയരക്കുറവുണ്ടാവില്ലെന്നും വലിയ വാഹനങ്ങള്‍ കടന്നു പോകാന്‍ പാകത്തില്‍ അഞ്ചര മീറ്റര്‍ ഉയരം ഉണ്ടാകുമെന്നും ഉത്തരവാദപ്പെട്ട എഞ്ചിനീയര്‍മാര്‍ ഉറപ്പ് നല്‍കിയതാതിയിരുന്നു.എന്നാല്‍ ഇപ്പോള്‍ കഷ്ടിച്ച് നാലര മീറ്റര്‍ ഉയരത്തില്‍ കോണ്‍ക്രീറ്റ് സ്ലാബ് നിര്‍മ്മിക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്.
പാലത്തിന് ഉയരക്കുറവ് ഉണ്ടായാല്‍ ലോഡ് കയറ്റി വരുന്ന വലിയ വാഹനങ്ങള്‍ക്ക് അതിനടിയിലൂടെ കടന്നു പോകാന്‍ കഴിയില്ല. ഇതേ അവസ്ഥ താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയിലെ കുറുവങ്ങാട് അക്വഡേറ്റിനുണ്ടായിരുന്നു. അക്വഡേറ്റിന്റെ മുകള്‍ ഭാഗത്ത് വാഹനങ്ങള്‍ തട്ടിയത് കാരണം യാത്ര തുടരാന്‍ കഴിയുമായിരുന്നില്ല. ഇവിടെ റോഡ് താഴ്ത്തിയാണ് കുറച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചത്.
അടിപ്പാത നിര്‍മ്മിക്കുന്നതിന് മുമ്പെ ആവശ്യമായ ഉയരത്തില്‍ കോണ്‍ക്രീറ്റ് ചെയ്താല്‍ ഭാവിയില്‍ പ്രശ്‌നമുണ്ടാകില്ല. എന്നാല്‍ റോഡ് പണി നഗരസഭയോടോ ജനപ്രതിനിധികളോടോ ആലോചിക്കാതെ തോന്നിയത് പോലെ ചെയ്യുകയാണ് ദേശീയപാതഅതോറിറ്റിയും കരാര്‍ കമ്പനികളും. പ്രാദേശിക ജനങ്ങളെ കേള്‍ക്കാനോ,അഭിപ്രായം തേടാനോ അധികൃതര്‍ മുതിരുന്നില്ല.
മുത്താമ്പി റോഡിലെ അണ്ടര്‍പാസിന് ആവശ്യമായ ഉയരം വേണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് സന്ദേശമയച്ചതായി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ പറഞ്ഞു. പാലത്തിന്റെ ഉയരക്കുറവ് പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെയും, സാധാരണ ജീവിതത്തെയും കാര്യമായി ബാധിക്കും. പാലത്തിന് ഉയരകുറവ് വന്നാല്‍ ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും. ലോറിയ്ക്ക് മുകളില്‍ കയറ്റി കൊണ്ടു വരുന്ന മണ്ണ് മാന്ത്രി യന്ത്രങ്ങള്‍,ഉല്‍സവ കാലത്ത് എഴുന്നളളിക്കാന്‍ കൊണ്ടു വരുന്ന ആന എന്നിവയെയും ഇത് വഴി കൊണ്ടു പോകാന്‍ കഴിയില്ല. നാളീകേരം തുടങ്ങിയവ സംഭരിക്കുന്ന ലോറികളുടെ യാത്രയും പ്രയാസത്തിലാകും.
മുത്താമ്പി റോഡിലെ അടിപ്പാത ആവശ്യമായ ഉയരത്തില്‍ നിര്‍മ്മിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍ പറഞ്ഞു. അശാസ്ത്രീയമായ നിര്‍മ്മാണ പ്രവൃത്തി അനുവദിക്കില്ലെന്നും അടിപ്പാതയ്ക്ക് മാനദണ്ഡമനുസരിച്ചുളള ഉയരം വേണമെന്നും ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആര്‍.ജയ്കിഷ് ആവശ്യപ്പെട്ടു.