ബൈപ്പാസ് നിർമ്മാണം; ചെങ്ങോട്ടുകാവ് പാവറവയൽ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നു. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ അൻപതോളം കുടുംബങ്ങൾക്ക് കിടപ്പാടം നഷ്ടമാകും
കൊയിലാണ്ടി: നിർമ്മാണം പുരോഗമിക്കുന്ന നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിന്റെ തെക്കൻ അതിരായ ചെങ്ങോട്ടുകാവ് മേൽപ്പാലം പരിസരത്ത്, അൻപതോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. ഞായറാഴ്ച രാത്രിയിൽ ഒന്ന് രണ്ട് മഴ പെയ്തപ്പോൾ തന്നെ ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങി. മേൽപ്പാലത്തിന് കിഴക്ക് ഭാഗത്തുള്ള പാവറവയൽ ഉൾപ്പെട്ട പ്രദേശത്താണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. എളേരികുറ്റി ഹരിജൻ കോളനി ഉൾപ്പെടെ അൻപതോളം നിർധന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
വർഷക്കാലത്ത് തുടർച്ചയായി മഴ പെയ്യുമ്പോൾ വീട്ടുപടിവരെയൊക്കെ വെള്ളം ഉയരാറുണ്ട്. റോഡിന്റേയും റെയിലിന്റേയും പടിഞ്ഞാറ് ഭാഗത്ത് പെയ്യുന്ന മഴവെള്ളം കൾവർട്ടുകൾ വഴി പാവറവയൽ തോട്ടിലെത്തി, പൊയിൽകാവ്, ചേമഞ്ചേരി റെയിൽ സ്റ്റേഷൻ പരിസരത്തു കൂടെ ഉള്ളൂർ കടവിലെത്തി പുഴയിൽ ചേരുന്ന സ്ഥിതിയായിരുന്നു വർഷങ്ങൾക്ക് മുമ്പുവരെ. എന്നാൽ അടുത്ത കാലത്തായി തോട് നികന്നും കയ്യേറിയും ഇല്ലാതായതോടെ വെള്ളക്കെട്ട് രൂപപ്പെടാൻ തുടങ്ങി. തോടിന് പകരം പൈപ്പ് ടണലും പാതാറുകളും നിർമ്മിച്ചതോടെ വെള്ളം വലിയൊരളവിൽ പന്നിമുക്ക് വഴി ഒഴുകി ഉള്ളൂർ പുഴയിലെത്തുമായിരുന്നു. ബൈപ്പാസ് നിർമ്മാണ പ്രവൃത്തി പുരോഗമിച്ചതോടെ, ഈ നീരൊഴുക്ക് ഒട്ടും പരിഗണിക്കാതെ ഈ പ്രദേശമെല്ലാം മണ്ണിട്ട് നികത്തി. എട്ട് മീറ്റർ ഉയരത്തിലാണ് ഇവിടെ റോഡ് നിർമ്മിക്കുന്നത്. നിർമ്മാണം മേൽപ്പാലത്തിന്റെ തെക്കു ഭാഗത്ത് എത്തിയിട്ടേയുള്ളൂവെങ്കിലും പാവറവയൽ പ്രദേശത്ത് ഇപ്പോൾ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു കഴിഞ്ഞു.
പടിഞ്ഞാറ് നിന്ന് പാവറവയലിലേക്ക് വെള്ളമൊഴുകിയെത്തുന്ന കൾവർട്ട് വീതിയും വലിപ്പവും കൂട്ടി നിർമ്മിക്കുന്നത് കൊണ്ട് പണ്ടത്തേക്കാൾ വെള്ളം ഇവിടെ ഒഴുകിയെത്തും. അവിടെ നിന്ന് വെള്ളത്തിന് ഒഴുകിപ്പോകാൻ, മറ്റ് ജലനിർഗമന സംവിധാനങ്ങളൊന്നുമില്ലാത്തത് കൊണ്ട്, മഴ കനക്കുന്നതോടെ ഇവിടെ മനുഷ്യവാസം അസാദ്ധ്യമാകും വിധം തടാകമായി മാറും. ദേശീയ പാതയോരത്തെ അഴുക്കുചാലിലെ വെള്ളവും ഇവിടെയാണ് ഒഴുകി നിറയുക. ആവശ്യത്തിന് കലുങ്കുകൾ പണിത് പഴയ തോട് പുനസ്ഥാപിക്കാനായില്ലെങ്കിൽ കടുത്ത ദുരിതത്തിലാകുന്നത് അൻപതോളം കുടുംബങ്ങളാകും.
ദേശീയ പാത അതോറിറ്റിയെക്കൊണ്ടും കരാറുകാരെ കൊണ്ടും ഇത്തരം ജോലികൾ ചെയ്യിക്കാൻ ഗ്രാമപ്പഞ്ചായത്തോ എം എൽ എയോ ഇടപെടുന്നില്ലെന്ന ആക്ഷേപം പ്രദേശവാസികൾക്കുണ്ട്. ജനങ്ങളുടേയോ പഞ്ചായത്ത് മെമ്പർമാരുടേയോ അറിവോ സമ്മതമോ ഇല്ലാതെയാണ് കരാറുകാർ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതെന്ന ആക്ഷേപം മെമ്പർമാരും ഉന്നയിക്കുന്നു. റോഡ് മാപ്പിൽ ഇത്തരം പ്രവൃത്തികളൊന്നും നിർദ്ദേശിച്ചിട്ടില്ലെന്നും അതുകൊണ്ട് തങ്ങൾക്കൊന്നും ചെയ്യാനാവില്ലെന്നുമാണ് കരാറുകാരുടെ നിലപാട്. ‘തങ്ങൾ മാവിലായിക്കാരാ,ണെന്ന മട്ടിൽ മാറിനിൽക്കാത, തദ്ദേശ ഭരണാധികാരികളും എം എൽ എ യും അടിയന്തരമായി പ്രശ്നത്തിലിടപെടുന്നില്ലെങ്കിൽ ബൈപ്പാസ് കടന്നുപോകുന്ന ഒട്ടനവധി പ്രദേശങ്ങൾ വെള്ളക്കെട്ട് കാരണം വാസയോഗ്യമല്ലാതാകും.